മലയാള സിനിമയില്‍ വീണ്ടും ഒരു ഒടിയന് വന്നിരിക്കുകയാണ്. രാഹുല്‍ സദാശിവനാണ് ഇത്തവണ ഒടിയനുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.
ഈ സിനിമയുടെ പ്രഖ്യാപനം വന്നത് മുതല്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞുനില്ക്കുന്നത് 2018ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഒടിയനാണ്. ഒരു സിനിമയുടെ പേര് മറ്റൊരു സിനിമയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ് നമ്മള് പൊതുവെ കരുതുന്നത്. സാധാരണ മലയാള സിനിമ തുടര്‍ന്നു വരുന്ന രീതിയും അതാണ്.
അപ്പോള്‍ പിന്നെ രാഹുല്‍ സദാശിവന്റെ ചിത്രത്തിനും എങ്ങനെ ഒടിയന് എന്ന് തന്നെ പേരിടാനായി ? കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് അതിനുള്ള ഉത്തരം റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് പങ്കുവെച്ചു. നേരത്തെ പുറത്തിറങ്ങിയ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സിനിമയുടെ പേര് മറ്റൊരു സിനിമയ്ക്ക് ഉപയോഗിക്കണമെങ്കില്‍ ആദ്യ സിനിമയുടെ നിര്‍മാതാവ് NOC(No Objection Certificate) നല്‍കിയിരിക്കണം എന്ന രീതിയാണ് മലയാള സിനിമയില്‍ തുടരുന്നത് എന്ന് KFCC പ്രസിഡന്റ് അനില്‍ വി തോമസ് പറഞ്ഞു.
ഒടിയന് സിനിമയുടെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുതിയ ഒടിയന്റെ നിര്‍മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് NOC നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ലിഖിത നിയമം എന്നതിനേക്കാള്‍ കീഴ്വഴക്കമെന്ന നിലയില്‍ കൂടിയാണ് പിന്തുടരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് ഒടിയന് എന്നും രാഹുല്‍ സദാശിവന് ചിത്രത്തിന്റെ പേര് ഒടിയന്-ദ ഏജ് ഓഫ് ഇല്യൂഷന്‍ എന്നുമായതുകൊണ്ട് വ്യത്യസ്തമായ പേരുകള്‍ ആയല്ലേ കണക്കാക്കുക എന്ന സംശയവും ചിലര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അങ്ങനെയല്ല, ഒരു സിനിമയുടെ പ്രഥമ നാമം അഥവാ പ്രൈമറി ടൈറ്റില്‍ തന്നെ മറ്റൊരു സിനിമയ്ക്ക് ഉപയോഗിക്കണമെങ്കിലും NOC ആവശ്യമാണെന്ന് KFCC വ്യക്തമാക്കി. ടാഗ് ലൈന്‍ കൊടുത്തത് കൊണ്ട് മാത്രം അത് പുതിയൊരു സിനിമാപ്പേരായി രജിസ്റ്റര്‍ ചെയ്യാനാകില്ല എന്നും അനില്‍ വി തോമസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Rahul Sadasivan's new movie Odiyan causes doubts among audience whether name of an already released movie can be used for another film. Odiyan starring Mohanlal was relased on 2018. KFCC President clarifies the doubt and explains the procedure.