ഒരുപാട് കോൺഫിഡന്റ് ആയിരുന്ന മിഥുനം ഓടിയില്ല, സംശയിച്ചെടുത്ത തേന്മാവിൻ കൊമ്പത്ത് വർക്കായി: പ്രിയദർശൻ

'ഞാൻ ഒരു സിനിമയും പ്ലാൻ ചെയ്യാറില്ല അതെല്ലാം സംഭവിക്കുന്നതാണ്. അത് റീമേക്ക് ആണെന്നോ ഒർജിനൽ ആണെന്നോ ആലോചിക്കാറില്ല'

മലയാളികൾ എന്നും ഓർത്തിരിക്കുന്ന സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ വന്ന സിനിമകൾ എല്ലാം വലിയ വിജയങ്ങളായവയാണ്. ഇപ്പോഴിതാ താൻ ചെയ്തതിൽ ചില അപ്രതീക്ഷിത പരാജയസിനിമകളെ കുറിച്ച് മനസുതുറക്കുകയാണ് പ്രിയദർശൻ. ക്യു സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ ഒരു സിനിമയും പ്ലാൻ ചെയ്യാറില്ല അതെല്ലാം സംഭവിക്കുന്നതാണ്. അത് റീമേക്ക് ആണെന്നോ ഒർജിനൽ ആണെന്നോ ആലോചിക്കാറില്ല. ഇഷ്ടപ്പെടുന്ന ഒരു കഥ ചെയ്യുന്നു എന്ന് മാത്രം. എനിക്ക് ഏറ്റവും കൂടുതൽ കോൺഫിഡന്റ് ആയ മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു പോലെയുള്ള സിനിമകൾ ഓടിയിട്ടില്ല. പക്ഷേ ഏറ്റവും സംശയിച്ചെടുത്ത സിനിമയാണ് തേന്മാവിൻ കൊമ്പത്ത്, അത് വർക്കായി. അപ്പോൾ സിനിമയിൽ എന്ത് വർക്ക് ആകും ഇല്ലെന്ന് എനിക്ക് ഇന്നും അറിയില്ല', പ്രിയദർശന്റെ വാക്കുകൾ.

മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തുവന്ന അവസാനത്തെ സിനിമ. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ സിനിമയ്ക്ക് തിയേറ്ററിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം, തന്റെ 100 ാമത്തെ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് പ്രിയദർശൻ. മോഹൻലാൽ ആണ് സിനിമയിലെ നായകൻ. മ്യൂസിക്കും ഡ്രാമയും ആക്ഷനും ഉള്ള സിനിമയാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നൂറാമത്തെ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യുന്നു. എന്റെ നൂറാമത്തെ സിനിമയായതുകൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും.

ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല. അങ്ങനെയൊരു റെക്കോർഡോടു കൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്', ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ പ്രിയദർശൻ പറഞ്ഞു. മോഹൻലാലും പ്രിയദർശനും ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ഒരുമിച്ചുള്ള വീഡിയോയിലാണ് പ്രഖ്യാപനം.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്.

ഭൂത് ബം​ഗ്ലാ ആണ് അവസാനം പുറത്തുവന്ന പ്രിയദർശൻ ചിത്രം. അക്ഷയ് കുമാർ ആണ് സിനിമയിലെ നായകൻ. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമിച്ചത്.

Content Highlights: Priyadarshan has reflected on the unpredictability of cinema, revealing that he was highly confident about Mithunam but the film did not perform as expected. In contrast, Thenmavin Kombath, a project he had initial doubts about, went on to become a major success, highlighting the uncertainty of audience preferences and box-office outcomes.

To advertise here,contact us