'ഓരോ ഫ്രെയിമിലും ആത്മാവ് കണ്ടെത്തിയ സംവിധായകൻ'; ഭാരതിരാജക്ക് അനുശോചനം അറിയിച്ച് മോഹൻലാൽ

തുടരും സിനിമയില്‍ ഭാരതിരാജ സാറിനൊപ്പം സ്‌ക്രീന്‍ സ്പെയ്സ് പങ്കിടാന്‍ സാധിച്ചത് വിലമതിക്കാന്‍ കഴിയാത്ത ബഹുമതിയായി കണക്കാക്കുന്നുവെന്നും മോഹന്‍ലാല്‍

അന്തരിച്ച സംവിധായകനും നടനുമായ ഭാരതിരാജക്ക് അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. മണ്ണില്‍ കവിതയും നിശബ്ദതയില്‍ സത്യവും ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ സംവിധായകനാണ് ഭാരതിരാജ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'മണ്ണില്‍ കവിതയും നിശബ്ദതയില്‍ സത്യവും ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ സംവിധായകന്‍. തുടരും സിനിമയില്‍ ഭാരതിരാജ സാറിനൊപ്പം സ്‌ക്രീന്‍ സ്പെയ്സ് പങ്കിടാന്‍ സാധിച്ചത് വിലമതിക്കാന്‍ കഴിയാത്ത ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു. സര്‍, നിത്യശാന്തി നേരുന്നു. നിങ്ങളുടെ പാരമ്പര്യം തലമുറകള്‍ക്ക് പ്രചോദനം നല്‍കും, നിങ്ങളുടെ അസാന്നിധ്യം സിനിമാ ലോകത്തിന് തന്നെ നഷ്ടമാണ്'- മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഗ്രാമീണ കഥകള്‍ക്ക് പുനര്‍നിര്‍വചനം നല്‍കുകയും നിരവധി താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ്സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്. 1941 ജൂലൈ പതിനേഴിനായിരുന്നു ഭാരതിരാജയുടെ ജനനം. രജനികാന്തിനെയും കമല്‍ഹാസനെയും കേന്ദ്രകഥാപാത്രമാക്കി 1977ല്‍ പതിനാറ് വയതിനിലെ എന്ന ചിത്രമൊരുക്കി ഭാരതിരാജ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നതും ഭാരതിരാജയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഭാരതിരാജ സ്വന്തമാക്കി.

തൊട്ടടുത്ത വര്‍ഷം കിഴക്കേ പോകും റെയില്‍ എന്ന ചിത്രമായിരുന്നു അദ്ദേഹം ഒരുക്കിയത്. അതേ വര്‍ഷം തന്നെ സിഗപ്പ് റോജാക്കള്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. പുതിയ വാര്‍പ്പുകള്‍, സിറം മാറാത്ത പൂക്കള്‍, റെഡ് റോസ്, നിഴല്‍ഗള്‍, അലൈകള്‍ ഒയ്വതല്ലൈ, സീതകോക്കചിലുക, ടിക് ടിക് ടിക്, കാതല്‍ ഓവിയം, വാലിബമേ വാ വാ, മന്‍ വാസനൈ, പുതുമൈ പെണ്ണ്, കിഴക്ക് ചീമയിലെ തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇരുപത്തിയൊന്നോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചിത്രത്തില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തില്‍ ഭാരതിരാജ എത്തിയിരുന്നു. ആറ് തവണ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights: Mohanlal expresses condolences to Bharathiraja

To advertise here,contact us