മലയാളത്തിന് ഗംഭീര ത്രില്ലർ സിനിമകൾ നൽകിയ സംവിധായകൻ ആണ് ജീത്തു ജോസഫ്. ജീത്തുവിന്റേതായി അവസാനം പുറത്തുവന്ന ദൃശ്യം 3 റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ തനിക്ക് ചെയ്യാൻ ഏറെ ആഗ്രഹമുള്ള ഒരു പൃഥ്വിരാജ് സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹം. എപ്പോൾ തിരക്കഥ എഴുതി തീരുന്നോ അപ്പോ ഡേറ്റ് തരാം എന്നാണ് തന്നോട് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നതെന്നും റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.
'ഹൊറർ, മ്യൂസിക്കൽ പിന്നെ കുട്ടികളുടെ സിനിമ എനിക്ക് ചെയ്യണം എന്നുണ്ട്. പണ്ട് പൃഥ്വിരാജിനോട് പറഞ്ഞ ഒരു കഥയുണ്ട് പക്ഷേ അത് വളരെ സീരിയസ് ആയ സിനിമയാണ്. രാജു എന്നോട് പറഞ്ഞത് 'ജിത്തു അത് എപ്പോൾ എഴുതി തീരുന്നോ അപ്പോ ഡേറ്റ് തരാം എന്നാണ്'. ഞാൻ മെമ്മറീസിന്റെ സമയത്ത് പറഞ്ഞ കഥയാണത്. ഒരു ഫാമിലി ഡ്രാമയാണത്, ഫെസ്റ്റിവലുകളിൽ അയക്കേണ്ട തരം സിനിമയാകും അത്. കോമ്മേഴ്സ്യലി തിയേറ്ററിലേക്ക് അത് റിലീസ് ചെയ്താൽ എങ്ങനെയുണ്ടാകും എന്നെനിക്ക് അറിയില്ല. അത് എനിക്ക് എഴുതണം എന്നുണ്ട് പക്ഷേ ഇരിക്കാൻ പറ്റുന്നില്ല', ജീത്തുവിന്റെ വാക്കുകൾ.
അതേസമയം, ദൃശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. വിദേശത്ത് നിന്ന് മാത്രം 103 കോടിയും ദൃശ്യം 3 നേടിയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. മോഹന്‍ലാലിനൊപ്പം മീന, എസ്തര് അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
Content Highlights: Director Jeethu Joseph shared an update on his planned collaboration with Prithviraj Sukumaran, stating that the actor has told him to finalize the script first before discussing dates. Jeethu also hinted that the project is being designed as a grand festival entertainer, raising expectations among Malayalam cinema fans.