എന്തുകൊണ്ട് ബേസിൽ-ടൊവിനോ ചിത്രം അതിരടിയിൽ അഭിനയിച്ചില്ല?; കിടിലൻ മറുപടിയുമായി സഞ്ജു സാംസൺ

'ബേസിൽ ഭയങ്കര വലിയ സംവിധായകന്‍ ആണ്. അതിനാല്‍ ഇവനു തന്നെ അറിയാം എനിക്ക് എങ്ങനെയുള്ള വേഷം തരണമെന്ന്'

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസും വിനീത് ശ്രീനിവസനും റിയാ ഷിബു തുടങ്ങിയവരെല്ലാം അണിനിരക്കുന്നുണ്ട്. സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രത്തിൽ സഞ്ജു സാംസണിനെ അതിഥി വേഷത്തിലേക്ക് ആലോചിച്ചിരുന്നുവെന്ന് ബേസില്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ അതിരടിയില്‍ അഭിനയിക്കാതിരുന്നതെന്ന് സിനിമയുടെ തമിഴ് പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കവെ സഞ്ജു സാംസണ്‍ പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്തുകൊണ്ട് പോയില്ല? എന്ന അവതാരകയുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് സഞ്ജു നല്‍കിയത്. 'വളരെ ചെറിയ വേഷമാണ് തന്നത്. അതുകൊണ്ടാണ് ചെയ്യാതിരുന്നത്. തരുമ്പോള്‍ കുറച്ച് വലുത് തരണമെന്ന് പറഞ്ഞു. ഇവന്‍ ഭയങ്കര വലിയ സംവിധായകന്‍ ആണ്. അതിനാല്‍ ഇവനു തന്നെ അറിയാം എനിക്ക് എങ്ങനെയുള്ള വേഷം തരണമെന്ന്'' എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

എന്ത് തരം വേഷമാണ് സഞ്ജുവിന് നല്‍കേണ്ടതെന്ന് ചോദിച്ചപ്പോള്‍ മാസ് ആയ സ്റ്റൈലായ വേഷമാണെന്നായിരുന്നു ബേസിലിന്റെ മറുപടി. ഇതും മാസാണ്. ഓട്ടോ ഡ്രൈവറുടേതാണ് എന്നും ബേസില്‍ പറഞ്ഞു. അപ്പോള്‍ തമിഴ്‌നാട്ടില്‍ പണ്ട് മുതലേ ഓട്ടോ ഡ്രൈവറും മാസാണ് എന്നായിരുന്നു സഞ്ജുവിന്റെ കൗണ്ടര്‍.

'ഇങ്ങനെയൊന്ന് മുന്‍പ് ഞാന്‍ ചെയ്തിട്ടില്ല. സുഹൃത്ത് വിളിച്ചാല്‍ വന്നല്ലേ പറ്റൂ. അതുകൊണ്ട് വന്നതാണ്. വലിയ സന്തോഷമുണ്ട്. ബേസിലിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. എല്ലാ സൗഹൃദങ്ങളേയും പോലെ തന്നെയാണ് ഞങ്ങളും. ക്രിക്കറ്റര്‍ എന്ന നിലയില്‍ ഞാന്‍ എങ്ങനെയാണെന്ന് അവനും, സിനിമ താരം എന്ന നിലയില്‍ അവന്‍ എങ്ങനെയാണെന്ന് അവനും അറിയാം. ബേസില്‍ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഒരാളായിട്ടാണ് എല്ലാവര്‍ക്കും അറിയുന്നത്. പക്ഷെ ശരിക്കും വളരെ സീരീയസ് ആയ വ്യക്തിയാണ്. ജോലിയുടെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ്.' എന്നും സഞ്ജു പറഞ്ഞു.

കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

Content Highlights: Why didn't you act in the film Athiradi? Sanju Samson gives a powerful reply video goes viral

To advertise here,contact us