വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം ‘ജന നായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകളും എത്തിയിരുന്നു.
എന്നാൽ വിജയ് ചരിത്രവിജയം നേടിയ മുഖ്യമന്ത്രിയായതോടെ ജന നായകന് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍മാതാവ് വെങ്കട് നാരായണന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഒടിടി കരാറിൽ നിന്ന് പിന്മാറിയ ആമസോൺ വീണ്ടും സിനിമ ഏറ്റെടുക്കാൻ തയ്യാറായി എത്തിയിരിക്കുകയാണ്.
ആദ്യം റൈറ്റ്സ് സ്വന്തമാക്കിയ ആമസോണ്‍ പ്രൈം അവരുടെ തുക 120 കോടിയില്‍ നിന്ന് 32 കോടിയിലേക്ക് താഴ്ത്തിയിരുന്നു. ഇപ്പോഴിതാ പഴയ അതേ തുക തരാമെന്ന് പറഞ്ഞ് ആമസോണ്‍ പ്രൈം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നെറ്റ്ഫ്ളിക്സും ജന നായകനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 150 കോടിയ്ക്ക് വരെ സിനിമയുടെ റൈറ്റ് വിട്ടുപോകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
Content Highlights: Vijay’s upcoming film Jananayaka is witnessing huge demand in the entertainment market following his rise as Chief Minister.