ഇനി ആക്ഷനും കട്ടും; സംവിധായക കുപ്പായമണിയാന്‍ പാര്‍വതി

സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ സിനിമയുടെ വിശേഷങ്ങളുമായി പാര്‍വതി തിരുവോത്ത്

മലയാളികളുടെ ബോള്‍ഡ് നായിക പാര്‍വതി തിരുവോത്ത്് സംവിധാന രംഗത്തേക്ക്. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ഉള്ളതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. സിനിമയുടെ വര്‍ക്കുകള്‍ ആരംഭിക്കാനുള്ള കാര്യങ്ങളെല്ലാം ഏകദേശം റെഡിയാണെന്നും താരം പറഞ്ഞു.

'കൊവിഡ് കാലത്താണ് ഈ തിരക്കഥ എന്നിലേക്ക് വരുന്നത്, പാര്‍വതി തന്നെ ഈ സിനിമ സംവിധാനം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പിന്നീട് ഞാന്‍ ആ തിരക്കഥ വായിച്ചപ്പോഴാണ് എന്തു കൊണ്ട് ഞാനിത് സംവിധാനം ചെയ്യണമെന്ന് അവര്‍ പറയാനുള്ള കാരണം എനിക്ക് മനസിലായത്. അതുകൊണ്ടാണ് ഈ സിനിമയ്ക്ക് വേണ്ടി 5വര്‍ഷം കാത്തിരുന്നത്. പലരും സംവിധാനത്തിന് വേണ്ടി എന്നെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതായിരിക്കണം ഞാന്‍ ആദ്യം സംവിധാനം ചെയ്ത സിനിമ എന്ന് ഞാന്‍ ആഗ്രഹിച്ചു. അഭിനയം ക്രിയേറ്റീവായിട്ടുള്ള കാര്യമാണ്, അത് എനിക്ക് സംതൃപ്തി തരുന്നുണ്ടെങ്കിലും അത് മാത്രമല്ല എനിക്ക് ചെയ്യാറാുള്ളതെന്ന് തോന്നാറുണ്ട് -പാര്‍വതി പറഞ്ഞു.

ലിജിന്‍ ജോസിന്റെ ഹേര്‍ എന്ന ചിത്രത്തിലാണ് പാര്‍വതി അവസാനമായി അഭിനയിച്ചത്. അജിത്പാല്‍ സിങ് സംവിധാനത്തില്‍ ഹൃത്വിക് റോഷന്‍ നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ചും നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡി എന്ന സിനിമയെ കുറിച്ചുമുള്ള വിശേഷങ്ങളും താരം പങ്കുവെച്ചു. എന്ന് നിന്റെ മൊയ്ദീന്‍, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി. കൂടാതെ അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്.

Content Highlights: Parvathy Thiruvoth reveals details of the new film she is going to direct

To advertise here,contact us