നായകനേക്കാള്‍ ഉയരം കുറവ് തോന്നിപ്പിക്കാന്‍ കാല് വളച്ചു നിന്നു, ഉയരം കാരണം പല സിനിമകളും നഷ്ടമായിട്ടുണ്ട്; പൂജ

സല്‍മാന്‍ ഖാന് മാത്രം എന്റെ ഉയരം പ്രശ്‌നമായിരുന്നില്ല, നീ ധൈര്യമായി ഹീല്‍സ് ധരിച്ചോളൂ, എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മോഡലും നടിയുമായ പൂജാ ബത്ര മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. മോഹൻലാൽ ചിത്രം ചന്ദ്ര ലേഖ, മമ്മൂട്ടി നായകനായ മേഘം തുടങ്ങിയ സിനിമകളിൽ പൂജ പ്രധാന വേഷത്തിൽ എത്തിയിരുന്നു. പുണെ സിംബയോസിസിൽനിന്ന് എം.ബി.എ ബിരുദം നേടിയശേഷമാണ് പൂജ മോഡലിങ്ങിലേക്ക് കടക്കുന്നത്. പിന്നീട് സിനിമയിലേക്കും എത്തി. സിനിമയിൽ അഭിനയിച്ചിരുന്നപ്പോൾ താൻ നേരിട്ടൊരു പ്രശ്‌നത്തെക്കുറിച്ച് തുറന്നുപറയുകയാണ് പൂജ.

തന്റെ കൂടെ അഭിനയിച്ച നായകൻമാർക്ക് ഉയരമുള്ളതായി കാണിക്കുന്നതിനായി പല ട്രിക്കുകളും ഉപയോഗിക്കുമായിരുന്നു. ക്ലോസ്-അപ്പ് ഷോട്ടുകളിൽ ക്യാമറയ്ക്ക് മുന്നിൽ 'ഹാഫ് സ്പ്ലിറ്റുകൾ' ചെയ്യുമായിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. ആദ്യചിത്രത്തിൽ ഉയരക്കുറവ് തോന്നിക്കുന്നതിനായി കളർഫുൾ വസ്ത്രങ്ങൾ ധരിച്ചുവെന്നും അവർ പറയുന്നു.

'സംഗീത ബിജ്‌ലാനി എന്റെ ഐഡല്‍ ആണ്. അതിസുന്ദരിയാണ്. എന്നെപ്പോലെ മോഡലായിരുന്നു. നിനക്ക് ഉയരം കൂടുതല്‍ ആയതിനാല്‍ സിനിമയില്‍ അവസരം കിട്ടില്ലെന്നാണ് സംഗീത പറഞ്ഞിരുന്നത്. നല്ല നടിയെന്ന് പേരെടുത്തിട്ടും എട്ട് വര്‍ഷം മാത്രം കരിയറുണ്ടായിരുന്ന അനുഭവത്തിലാണ് സംഗീത അങ്ങനെ പറഞ്ഞത്. കഥാപാത്രങ്ങള്‍ക്ക് എന്റെ ബെസ്റ്റ് തന്നെ ഞാന്‍ നല്‍കി. പക്ഷെ എന്റെ ഉയരം നായകന്മാരെ അലോസരപ്പെടുത്തിയിരുന്നു.

ഉയരം കാരണം പല സിനിമകളും എനിക്ക് നഷ്ടമായിട്ടുണ്ടെന്നത് സത്യമാണ്. വളരെ നല്ല വേഷങ്ങള്‍ നഷ്ടമായിട്ടുണ്ട്.നായകന് ഉയരമുണ്ടെന്ന് തോന്നിപ്പിക്കാന്‍ ക്ലോസ് അപ്പ് ഷോട്ടുകളെടുക്കുമ്പോള്‍ കാലുകള്‍ വളച്ചുവച്ചും മറ്റും ഉയരം കുറവാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഉയരം കുറവായി തോന്നിപ്പിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വന്നിട്ടുണ്ട്,' പൂജ പറഞ്ഞു.

അതേസമയം സല്‍മാന്‍ ഖാന് മാത്രം തന്റെ ഉയരം പ്രശ്‌നമായിരുന്നില്ലെന്നും പൂജ പറഞ്ഞു. 'സല്‍മാന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. നീ ധൈര്യമായി ഹീല്‍സ് ധരിച്ചോളൂ, എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഉയരത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു',പൂജ പറയുന്നു. ഹാര്‍പേര്‍സ് ബസാര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

Content Highlights:  Pooja Batra has spoken about how her height negatively affected her Bollywood career, leading her to lose multiple film opportunities as some co-stars felt uncomfortable appearing shorter on screen. She also revealed industry pressures to adjust her appearance during shoots.

To advertise here,contact us