ഫാമിലി മാൻ എന്ന സീരിസിലൂടെ ജെകെ എന്ന കഥാപാത്രം ആയി എത്തി പ്രേക്ഷകരുടെ മനം കവർന്ന നടൻ ആണ് ഷാരിബ് ഹാഷ്മി. ജബ് തക് ഹേ ജാൻ, വിക്രം വേദ, ഫൈറ്റർ തുടങ്ങി നിരവധി സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഭാര്യ നസ്റീന് കാൻസർ സ്ഥിരീകരിച്ചതും തുടർചികിത്സകളും തുടർന്ന് തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും മനസുതുറക്കുകയാണ് ഷാരിബും ഭാര്യ നസ്രീനും. ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസുതുറന്നത്.
'2018ൽ ഫാമിലി മാനിലേക്ക് അവസരം ലഭിച്ചപ്പോഴാണ് ബയോപ്സി റിപ്പോർട്ടിന് പോയത്. ഷാരിബ് ഫാമിലി മാൻ ടീമിനൊപ്പം ലഞ്ചിന് പോകാൻ തയാറായി ഇരിക്കുമ്പോഴാണ് ഞാൻ തിരികെ എത്തിയത്. ഓറൽ കാൻസർ സ്ഥിരീകരിച്ചിരുന്നു. ഷാരിബിനോട് ലഞ്ച് കഴിഞ്ഞ് സംസാരിക്കാം എന്നുപറഞ്ഞു. അദ്ദേഹം പുറപ്പെട്ടു പകുതിയെത്തിയപ്പോൾ തിരികെ വന്നു റിപ്പോർട്ട് ചോദിച്ചു. ഓറൽ കാൻസറാണെന്ന പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞു. അദ്ദേഹത്തെയും കുടുംബത്തെയും ആശ്വസിപ്പിച്ചത് ഞാനായിരുന്നു’. ‘മുഖത്തെ അഞ്ചു ശസ്ത്രക്രിയകൾ എന്റെ മുഖത്തെ തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിൽ മാറ്റിമറിച്ചു. എന്റെ പഴയ ചിത്രങ്ങള് കാണുമ്പോൾ ഞാൻ എന്ത് സുന്ദരിയാണെന്ന് ഓർക്കാറുണ്ട്. ഇത് ഒട്ടും എളുപ്പമല്ല. എന്നാൽ എനിക്ക് എന്നിൽ വലിയ ആത്മവിശ്വാസമുണ്ട്. പഴയ കാര്യങ്ങൾ ആലോചിക്കുമ്പോൾ, ഞാൻ ജീവനോടെയുണ്ടല്ലോ, കുടുംബത്തോടൊപ്പം സന്തോഷമായിരിക്കാൻ കഴിയുന്നുണ്ടല്ലോ എന്ന് ഞാൻ തിരിച്ചറിയുന്നു', ഭാര്യ നസ്രീന്റെ വാക്കുകൾ.
‘അഞ്ചു ശസ്ത്രക്രിയകൾക്കാണ് ഇതുവരെ നസ്രീൻ വിധേയയായത്. അഞ്ചുതവണ രോഗം വന്നു, ഇപ്പോൾ ആറാം തവണയാണ് രോഗം വരുന്നത്. വായയിലെ കാൻസർ മുഖത്തിന്റെ രൂപം മാറ്റി. കാൻസർ മറ്റിടങ്ങളിലേക്കും വ്യാപിച്ചു. സാമ്പത്തികമായും വൈകാരികമായും ബുദ്ധിമുട്ടി. കാൻസറിന്റെ തീവ്രതയേക്കാൾ കരുത്തോടെ നസ്രീൻ അതിനെ നേരിട്ടു. ആ പോരാളിക്കൊപ്പം ഞങ്ങളും പോരാളികളായി മാറി,’ ഷാരീബ് കൂട്ടിച്ചേർത്തു. 2003 ഡിസംബർ 27-നായിരുന്നു ഷാരീബും നസ്റീനും വിവാഹിതരായത്. ഇവർക്ക് ഒരു മകളും മകനുമുണ്ട്.
Content Highlights: Five surgeries, face changed beyond recognition, financially and emotionally strained says Sharib Hashmi