ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം മെയ് 21 ന് പുറത്തിറങ്ങും. ദൃശ്യം 1ല്‍ വരുണിനെ കുഴിച്ചിടുന്ന സീനില്‍ വലിച്ചു കൊണ്ടു പോകുന്ന ചാക്കില്‍ തേങ്ങയായിരുന്നുവെന്ന് അന്‍സിബ. ക്ലബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് അന്‍സിബ ഇക്കാര്യം പറഞ്ഞത്.
'ആ ചാക്കിന് നല്ല വെയിറ്റുണ്ടായിരുന്നു, കാരണം അതിനുള്ളില്‍ തേങ്ങയായിരുന്നു, മഴയും കൂടെ പെയ്ത് തേങ്ങ നനഞ്ഞപ്പോള്‍ നല്ല വെയിറ്റായിരുന്നു. എനിക്ക് തോന്നുന്നു റോഷന്റെ വെയിറ്റിനേക്കാളും വെയിറ്റുണ്ടായിരുന്നുവെന്ന്. റോഷന്റെ വെയിറ്റ് നോക്കിയിട്ട് അതിനനുസരിച്ചായിരിക്കും അതിനുള്ളില്‍ തേങ്ങ നിറച്ചിട്ടുണ്ടാകുവാ. നമ്മള് അത്രയും ബുദ്ധിമുട്ടിയാണ് അത് വലിച്ചു പോകുന്നതെന്ന് വ്യക്തമാകണം. കൂടാതെ ഡെഡ് ബോഡീസിന് വെയിറ്റ് കൂടുതലാണെന്ന് കേട്ടിട്ടുണ്ട്. രാത്രി 12 മണിക്കാണ് അത് ഷൂട്ട് ചെയ്തത്. റെയിനും കൂടെ ആ സീനില്‍ ഉണ്ടായിരുന്നതു കൊണ്ട് തണുത്ത് വിറച്ചു നില്‍ക്കുവായിരുന്നു. അതിന്റെ കൂട്ടത്തില്‍ ഇത് വലിക്കാനൊന്നും പറ്റുന്നില്ലായിരുന്നു.
അതില്‍ ഒരു ഷോട്ട് ഉണ്ട്, ഞാനും മീന ചേച്ചിയും കൂടെ ഈ ബോഡി കുഴിയിലേക്ക് തള്ളിയിടുന്ന സീന്‍. അതിനു ശേഷം കൈകോട്ട് വച്ച് മണ്ണ് കോരിയിടുമ്പോള്‍ അതിലേക്ക് ഞാന്‍ നോക്കി നില്‍ക്കുന്നുണ്ട്. അത് ചെയ്തോണ്ടിരിക്കുമ്പോള്‍ ശരിക്കുമൊരു ഡെഡ് ബോഡി കുഴിച്ചിടുന്നത് പോലെ തോന്നി. കുറച്ചു നേരം കഴിയുമ്പോള്‍ മീന ചേച്ചി തട്ടി വിളിച്ചിട്ട് എന്റെയടുത്ത് വീണ്ടും മണ്ണുവാരിയിടാന്‍ പറയുന്നുണ്ട്. ഷോട്ട് കഴിഞ്ഞപ്പോള്‍ ജീത്തു സര് പറഞ്ഞു ബ്രില്ല്യന്റായിരുന്നു നല്ലതായിരുന്നുവെന്നൊക്കെ. നീ പ്ലാന്‍ ചെയ്ത് ചെയ്തതാണോ എന്ന് എന്റെയടുത്ത് ചോദിച്ചു. പക്ഷെ ഞാന്‍ പ്ലാന്‍ ചെയ്ത് ചെയ്തതല്ല, എനിക്ക് ആ സമയത്ത് ഒരു ഡെഡ് ബോഡി കുഴിച്ചിടുന്നതു പോലെ തന്നെ തോന്നി. ശരിക്കും ഇങ്ങനെ ചെയ്യുന്ന ആള്‍ക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും അവര്‍ എങ്ങനെയായിരിക്കും ഇതൊക്കെ ചെയ്യുന്നതെന്നും ഞാന്‍ ആലോചിച്ചു'- അന്‍സിബ പറഞ്ഞു.
ദൃശ്യം 3യുടെ കേരളത്തിലെ ആദ്യ പ്രദര്‍ശനം രാവിലെ 8 മണി മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ യുഎസ്എ പ്രീമിയറുകള്‍ മെയ് 20 ന് 7.30 മുതലാണ് ആരംഭിക്കുക. ആദ്യ ദിനം ദൃശ്യം 3 വമ്പന്‍ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടല്‍. സിനിമയുടെ ടീസറും ട്രെയിലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജോര്‍ജ്കുട്ടിയെയും മറ്റു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആകെമൊത്തത്തില്‍ ഒരു നിഗൂഢത നിറച്ചാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3 മലയാളം പതിപ്പിന്റെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.
മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് നല്കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോര്‍ജ്കുട്ടിയും കുടുംബവും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
Content Highlights: Ansiba says the sack used to carry Varun's dead body in Drishyam 1 contained coconuts