യുവത്വത്തിന്റെ നിറങ്ങളും സോഷ്യല്‍ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം 'പ്രേംപാറ്റ' ആദ്യ ലുക്കിലൂടെ തന്നെ ശ്രദ്ധ നേടി. 'വെയ്റ്റിംഗ് ഫോര്‍ ആലിയ' എന്ന കൗതുകമുണര്‍ത്തുന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയത്. നായികയുടെ മുഖമില്ലാതെ പുറത്തു വന്ന ഫസ്റ്റ് ലുക്ക് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷ വര്‍ധിപ്പിക്കുകയാണ്.
ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന പ്രേംപാറ്റ ഒരു എന്‍.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പൂര്‍ണ യൂത്ത് റൊമാന്റിക് എന്റര്‍ടെയ്നറാണ്. പുതുതലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങള്‍ എന്നിവ നിറഞ്ഞ ഒരു ക്യാംപസ് ലൈഫ് അനുഭവം സിനിമ നല്‍കുമെന്ന സൂചനയാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ലിജീഷ് കുമാറാണ്. കേന്ദ്ര കഥാപാത്രമായി എത്തുന്നത് ജോമോന് ജ്യോതിര്‍ ആണ്.
മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും സിനിമയുടെ ഭാഗമാകുന്നതാണ് മറ്റൊരു പ്രത്യേകത. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവന്, സഞ്ജു ശിവറാം എന്നിവര്‍ക്കൊപ്പം ജുനൈസ് വി.പി, സാഫ് ബോയ്, നയന എല്‍സ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിന് വിജയന് തുടങ്ങിയ സോഷ്യല്‍ മീഡിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയും ഡിജിറ്റല്‍ കണ്ടന്റ് ലോകവും തമ്മിലുള്ള പുതിയ കൂട്ടായ്മയായാണ് ഇതിനെ സിനിമാപ്രേമികള്‍ വിലയിരുത്തുന്നത്.
സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോന് ആണ്. ഛായാഗ്രഹണം രണദിവെ നിര്‍വഹിക്കുമ്പോള്‍ എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ് കൈകാര്യം ചെയ്യുന്നു. ആയിഷ, ഇഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമിര്‍ പള്ളിക്കല്‍ എത്തിക്കുന്ന പുതിയ സിനിമയായതിനാല്‍ തന്നെ പ്രേംപാറ്റയെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. ചിത്രം തിയേറ്ററുകളില്‍ എത്തിക്കുക സെന്‍ട്രല്‍ പിക്ചേഴ്സ് ആണ്.
Content Highlights: Malayalam film 'Prem Patta' first look poster linked