സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സായ ഹാഷിറേ ഗ്യാങ്ങിനെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ എസ് എ സംവിധാനം ചെയ്ത വാഴ 2 ബോക്സ് ഓഫീസിൽ വൻ നേട്ടം ആണ് നേടിയത്. ചിത്രത്തിൽ മലയാളികളെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത് ബിജുക്കുട്ടന്റെ പടക്കം പൊട്ടിക്കുന്ന സീനായിരുന്നു. ഓരോ വിഷുവിനും മലയാളികൾ ഒന്നടങ്കം ഷെയർ ചെയ്തൊരു വൈറൽ വീഡിയോയുടെ സിനിമാവിഷ്കാരം ആയിരുന്നു അത്.ചിത്രത്തിൽ ബിജു കുട്ടൻ പടക്കം പൊട്ടിച്ചോടുന്നതിനിടയിൽ റോഡിൽ വീഴുന്ന സീൻ തമാശക്കുമപ്പുറം വൈകാരികമായാണ് പ്രേക്ഷകർ സ്വീകരിച്ചത്.
2014 ലെ ഒരു വിഷുദിനത്തിൽ പടക്കം പൊട്ടിച്ച ശേഷം ഓടിവീഴുന്ന ഒരച്ഛന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എല്ലാ വർഷവും വിഷുദിനമായാൽ വീഡിയോ വീണ്ടും വൈറലാകുന്നത് പതിവാണ്. ഇത് കണ്ട് ചിരിക്കാത്തവർ കുറവായിരിക്കും. എന്നാൽ ഇതിന് പിന്നിലെ വേദനിക്കുന്ന കഥയാണ് റിയൽ ലൈഫിലെ ഷിബൻ ലാൽ എന്ന വ്യക്തിക്ക് പറയാനുള്ളത്.
'എന്റെ മകനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഞാനും പടക്കം പൊട്ടിച്ചത്. പക്ഷേ ഉദ്ദേശിച്ച ഫലം കിട്ടിയില്ല. പകരം നേരെ തിരിച്ചൊരു ഫലത്തിലേക്കാണ് അത് പോയത്. മകന് 5 വയസുള്ളപ്പോഴാണ് സംഭവം. ഇപ്പോഴവന് 24 വയസായി. അപ്പോള്‍ ഒരു 12 വര്‍ഷം ആയിട്ടുണ്ടാകും. ഒരു വിഷുദിനം വീട്ടില്‍ വൈകുന്നേരം എല്ലാവരും കൂടി ഇരിക്കുകയായിരുന്നു. അനുജന് ഗുണ്ട് എന്ന് പറയുന്ന പടക്കം കൊണ്ടുവന്നു. അത് പൊട്ടി വരുന്ന വീഡിയോ എടുത്ത് ഹാപ്പി വിഷു എഴുതിയിടാം എന്ന് കരുതി. വേറെ ആര്‍ക്കും ധൈര്യം ഇല്ലാത്തത് കൊണ്ട് ഞാന്‍ പൊട്ടിക്കാമെന്ന് പറഞ്ഞു. തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ വീടിന്റെ അടുത്തുള്ളൊരു ചേട്ടന് ഠോ ഠോ എന്നൊക്കെ ഒച്ചത്തില്‍ പറഞ്ഞെന്നെ പേടിപ്പിച്ചു. അതോടെ ഇത് പൊട്ടിയെന്ന് കരുതി ഞാന്‍ തിരിച്ചോടി.
സ്ലിപ്പര്‍ ആയിരുന്നു ഞാൻ ഇട്ടിരുന്നത്. അതിന്റെ അറ്റം മടങ്ങി സ്ലാബും റോഡും ചേരുന്ന ഭാഗത്ത് വീണു. ഇന്നത്തെ ഒരവസ്ഥയില്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ മരിച്ച് പോകും. നെഞ്ചിടിച്ചു. കാലിലെ തള്ളവിരല്‍ ഉരഞ്ഞ്, നഖം ഫുള്‍ പൊളിഞ്ഞൊക്കെ പോയി. ഉള്ളം കയ്യില്‍ കല്ലുകൾ കുത്തിക്കയറി. ഒരാഴ്ചയാണ് അതെടുക്കാൻ ആശുപത്രിയില്‍ കിടന്നത്. നെറ്റി പൊട്ടി. ഞാൻ വീണത് കണ്ടപ്പോൾ ആരും വന്ന് എണീപ്പിച്ചില്ല.
എന്റെ വേദനയേക്കാള്‍ എന്നെ ബുദ്ധിമുട്ടിച്ചത് മകനുണ്ടായ വേദനയാണ്. അവന് അന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. അവനെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. അവനെ കൗണ്‍സിലിങിന് കൊണ്ടു പോകേണ്ടി വന്നു. നന്നായി പഠിക്കുന്ന കൊച്ചായിരുന്നു. വിദ്യാഭ്യാസത്തില്‍ പുറകോട്ട് പോയി. പുറത്തിറങ്ങാതായി. അതൊന്നും ആര്‍ക്കുമറിയില്ല. ആരും എന്നോട് ചോദിച്ചിട്ടില്ല. എന്റെ ഭാര്യയും വേദന അനുഭവിച്ചിട്ടുണ്ട്. അവള് ബാങ്കിലായിരുന്നു ജോലി ചെയ്തിരുന്നത്. അവളെ പടക്കം പടക്കം എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അവള്‍ക്കും മാനസികമായി ബുദ്ധിമുട്ടുകളുണ്ടായി.
അച്ഛാ ഓടിക്കോ എന്ന് പറയുന്നതും ഞാന്‍ വീണപ്പോള്‍ ആദ്യം ഓടി വരുന്നതും എന്നെ എഴുന്നേല്‍പ്പിച്ച് തറവാട്ടിലേക്ക് എന്നെ കയറ്റിയിരുത്തുന്നതും അവനാണ്. എന്റെ രണ്ട് കാലില്‍ നിന്നും ചോര വരുന്നുണ്ടായിരുന്നു. അവന് തന്നെ പൈപ്പില്‍ നിന്നും വെള്ളമെടുത്തു കൊണ്ടു വന്ന് കഴുകി. ഞാന്‍ തന്നെയാണ് അവനേയും കൂട്ടി എന്റെ ബൈക്കില്‍ ലൂര്‍ദ് ഹോസ്പിറ്റലിലേക്ക് പോകുന്നത്. ഒരാഴ്ചയോളം തുടര്‍ച്ചയായി ആശുപത്രിയില്‍ പോകേണ്ടി വന്നു. വീ്ഴ്ചയില്‍ വിരലിന്റെ അറ്റം വിണ്ടു പോയിരുന്നു. ക്ലാസൊക്കെ തുടങ്ങിയപ്പോള്‍ മകന് ബുദ്ധിമുട്ടായി. അവന് ക്ലാസില്‍ പോകില്ലെന്നൊക്കെ പറഞ്ഞിരുന്നതാണ്. നിര്‍ബന്ധിച്ചു വിട്ടു. ഡോക്ടറെ കാണിക്കേണ്ടി വന്നു,' ഷിബൻ ലാൽ പറഞ്ഞു.
Content Highlights: Actor Shiban Lal has opened up about the emotional strain he experienced after a video related to him went viral across social media platforms.