വിജയ്യുടെ സത്യപ്രതിജ്ഞയില്‍ ആവേശഭരിതരായിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം നല്കുന്ന ഒരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. വിജയ് നായകനാകുന്ന 'ജനനായകന്' രണ്ടാഴ്ചയ്ക്കുള്ളില്‍ തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ നിര്‍മാതാവ് വെങ്കട്ട് കെ നാരായണയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിജയ് രാഷ്ട്രീയ ജീവിതം ആരംഭിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അവസാന സിനിമയായിട്ടാണ് ജനനായകനെ കണക്കാക്കുന്നത്.
ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് (സിബിഎഫ്സി) സര്ട്ടിഫിക്കേഷന് നടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റ പശ്ചാത്തലത്തില്‍, 'ജന നായകന്' എന്ന പേരും സിനിമയുടെ പ്രമേയവും പുതിയ രാഷ്ട്രീയ സാഹചര്യവുമായി ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് വെങ്കട്ട് കെ നാരായണന് പറഞ്ഞു. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.
പൊങ്കലിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം സെന്‍സര്‍ വിവാദത്തില്‍പ്പെട്ട് പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രം റിലീസിന് മുന്‍പേ ഓണ്‍ലൈനില്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരുന്നു. ഈ പ്രതിസന്ധികളെ മറികടന്നാണ് ഇപ്പോള്‍ ജനനായകന് റിലീസിനൊരുങ്ങുന്നത്.
ബോബി ഡിയോള്‍, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. വിജയ്യുടെ ഭാഗമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്.
Content Highlights: Jananayagan to hit theaters in two weeks Producer announces