

സംവിധായകൻ പ്രിയദർശനെ പ്രശംസിച്ച് നിർമാതാവ് ഏക്താ കപൂർ. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ചതിന് പ്രിയദർശനോടുള്ള നന്ദി അറിയിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ഒരു പ്രൊജക്റ്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ നിർമാതാവ് സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തുന്ന പ്രിയദർശന്റെ ഈ നിലപാട് സിനിമയിൽ വളരെ അപൂർവമാണെന്ന് ഏക്ത കുറിച്ചു. തന്റെ പണവും സിനിമയും സുരക്ഷിതമായ കൈകളിലാണെന്ന വിശ്വാസം ആ വാക്കുകൾ നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.
'തന്റെ നൂറാമത്തെ സിനിമ ചെയ്യുന്ന ഒരാളോടൊപ്പമായിരുന്നു ഞാൻ പ്രവർത്തിച്ചിരുന്നത്. ഞങ്ങളെപ്പോലെ ശക്തമായ നിലപാടുകളുള്ള രണ്ട് വ്യക്തികൾ ഒന്നിക്കുമ്പോൾ വലിയ തർക്കങ്ങളുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ ഞങ്ങളുടെ ആ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള അഗാധമായ ബഹുമാനമായിരുന്നുവെന്ന് അവർ കണ്ടില്ല. പ്രിയദർശനോടൊപ്പം ജോലി ചെയ്തതുപോലെ ഇത്രയേറെ ആസ്വദിച്ച് ഞാൻ മറ്റൊരാൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ടാവില്ല. അദ്ദേഹം എന്നോട് ആദ്യം ചോദിച്ചത് ഇതായിരുന്നു, 'ഏക്ത, ഈ സിനിമയിലൂടെ നിങ്ങൾക്ക് ലാഭമുണ്ടാകുന്നുണ്ടോ? എന്റെ പ്രൊഡ്യൂസർക്ക് പണം ലഭിക്കാത്ത ഒരു സിനിമയിലും ഞാൻ പ്രവർത്തിക്കാറില്ല.' ഒരു പ്രൊജക്റ്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ നിർമാതാവ് സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തുന്ന അദ്ദേഹത്തിന്റെ ആ നിലപാട് പ്രിയൻ സാറിനെപ്പോലെ തന്നെ അപൂർവ്വമാണ്! എന്റെ കമ്പനിയുടെ പണവും ഈ സിനിമയും സുരക്ഷിതമായ കൈകളിലാണെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല, പക്ഷേ അവയെല്ലാം തികഞ്ഞ ബഹുമാനത്തോടെയായിരുന്നു. പ്രിയൻ സർ, നിങ്ങളുടെ കാഴ്ചപ്പാടിനും അച്ചടക്കത്തിനും എന്റെ കരിയറിലെ ഏറ്റവും വലിയ വിജയം എനിക്ക് നൽകിയതിനും നന്ദി! ഇതിൽ കൂടുതൽ എനിക്ക് കടപ്പാട് അറിയിക്കാനാവില്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയും', ഏക്താ കപൂറിന്റെ വാക്കുകൾ.
പ്രിയദർശൻ ഒരുക്കി അക്ഷയ് കുമാർ നായകനായി എത്തിയ ഭൂത് ബംഗ്ലാ ആഗോള ബോക്സ് ഓഫീസിൽ 100 കോടി കടന്നിരുന്നു. ആകാശ് എ കൗഷിക്കിന്റെ കഥയ്ക്ക് റോഹന്‍ ശങ്കര്‍, അഭിലാഷ് നായര്‍, പ്രിയദര്ശന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, അസ്രാണി, രാജ്പാല് യാദവ് തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.
Content Highlights: Priyadarshan sir's words shocked me, ekta kapoor shares emotional post with director