

ലൈംഗികാതിക്രമം ചെറുത്തതിന് ബംഗളൂരുവില്‍ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സുനിതയെക്കുറിച്ച് നടി പാര്‍വതി തിരുവോത്ത്. സംഭവത്തിൽ കുറ്റക്കാരനായ തൊഴിലുടമയെ അറസ്റ്റുചെയ്യാത്തതിൽ നടി പ്രതിഷേധം അറിയിച്ചു. താന്‍ കണ്ടതില്‍ ഏറ്റവും കനിവുള്ള സ്ത്രീയായിരുന്നു സുനിതയെന്നും ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടതെന്ന് അറിഞ്ഞതു മുതല്‍ തനിക്ക് കരച്ചില് അടക്കാനായിട്ടില്ലെന്നും പാർവതി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
'ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സ്നേഹവും അനുകമ്പയുമുള്ള സ്ത്രീകളിൽ ഒരാൾ തന്റെ കൊലയാളിയുടെ ലൈംഗിക അതിക്രമത്തെ ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടു. ഇക്കാര്യം അറിഞ്ഞതുമുതൽ എനിക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ആരായിരുന്നു അവളുടെ തൊഴിലുടമ? അയാൾ ഇപ്പോഴും അറസ്റ്റുചെയ്യപ്പെട്ടിട്ടില്ല. അയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ല. പക്ഷെ നമുക്ക് അത്ഭുതം തോന്നുന്നുണ്ടോ?.
'ഭർത്താവും നാലുവയസ്സുള്ള മകനും അവൾ സംരക്ഷിച്ചതും പരിപാലിച്ചുപോരുന്നതുമായ 167 നായകൾക്കുമൊപ്പമാണ് ജീവിച്ചിരുന്നത്. നായകളെ രക്ഷിക്കുന്നതിനിടയിൽ അവൾ പലതവണ ആക്രമിക്കപ്പെട്ടിരുന്നു. കത്തിക്കുത്ത്, ഗുരുതരമായ പൊള്ളൽ, അങ്ങനെ പലതും അവൾ അതിജീവിച്ചു. തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ശമ്പളം വാഗ്ദാനം ചെയ്തതുകൊണ്ടാണ് അവൾ, ആ കൊലപാതകിയുടെ ജോലി ഏറ്റെടുത്തത്. തന്റെ കുടുംബത്തേയും രക്ഷിച്ച നായകളേയും സംരക്ഷിക്കാൻ സഹായിക്കുമെന്നതുകൊണ്ടാണ് അവൾ ആ ജോലി സ്വീകരിച്ചത്. തന്റെ കനിവുള്ള ഹൃദയമാണോ അവളുടെ കൊലയിലേക്ക് നയിച്ചത്? എനിക്കിത് ഉള്‍ക്കൊള്ളാനാകുന്നില്ല. അവളെ പീഡിപ്പിക്കാൻ കഴിഞ്ഞില്ല എന്നതുകൊണ്ട് ആ മനുഷ്യൻ അവളെ കൊലപ്പെടുത്തി. ഇത് ആദ്യത്തെ തവണയല്ല,
അവസാനത്തേതുമായിരിക്കില്ല. പെൺകുട്ടികൾക്ക് സുരക്ഷിതമായ രാജ്യം! നമുക്കെന്തിനാണ് ഫെമിനിസം', പാർവതിയുടെ വാക്കുകൾ.
ഞായറാഴ്ചയാണ് ബംഗളൂരുവില്‍ വച്ച് ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ സുനിത ക്രൂര മര്‍ദ്ദനത്തിന് ഇരയാകുന്നത്. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിക്കുന്നത്. ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമയായ ദീപക് കൃഷ്ണയാണ് പ്രതി. ഇയാള്‍ സുനിതയുടെ തല ചുമരിനും അലമാരയ്ക്കും തുടര്‍ച്ചയായി ഇടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. നിലത്തു വീണ സുനിതയുടെ നെഞ്ചത്ത് ആവര്‍ത്തിച്ച് ചവിട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: I can't stop crying, did her compassionate heart lead to the murder? Parvathy bursts into tears about the death of animal rescuer sunitha