നാനി സിനിമയുടെ പരാജയം എന്നെ തളർത്തി, അടുത്ത സിനിമ 100 കോടി അടിച്ചെങ്കിലും സംതൃപ്തി നൽകിയില്ല: വിവേക് ആത്രേയ

റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമയിലെ നാനിയുടെയും നസ്രിയയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്

നാനി ചിത്രങ്ങളായ അണ്ടെ സുന്ദരാനികി, സരിപോദാ ശനിവാരം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിവേക് ആത്രേയ. ഇരു ചിത്രങ്ങൾക്കും നല്ല പ്രതികരണങ്ങൾ ആണ് ലഭിച്ചതെങ്കിലും അണ്ടെ സുന്ദരാനികി ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് വിവേക്. സരിപോദാ ശനിവാരത്തേക്കാൾ എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് സംതൃപ്തി നൽകിയത് അണ്ടെ സുന്ദരാനികി ആണെന്നും അദ്ദേഹം പറഞ്ഞു.

'ഒരു സംവിധായകൻ എന്ന നിലയിൽ അണ്ടെ സുന്ദരാനികിയുടെ പരാജയം എന്നെ തളർത്തിക്കളഞ്ഞു. ആ സിനിമ വരെ ബോക്സ് ഓഫീസ് പ്രതികരണത്തെക്കുറിച്ച് ചിന്തിക്കാതെ സീനുകൾ എഴുതുകയും അവ ചിത്രീകരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായ ഒരു സംവിധായകനായിരുന്നു ഞാൻ. പക്ഷേ അണ്ടെ സുന്ദരാനികിക്ക് ശേഷം ഞാൻ ആശയക്കുഴപ്പത്തിലായി. സരിപോദാ ശനിവാരം ബോക്സ് ഓഫീസിൽ 100 കോടി നേടിയെങ്കിലും ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് സംതൃപ്തി തന്നിരുന്നില്ല. അണ്ടെ സുന്ദരാനികിയുടെ എഴുത്തിൽ ഞാൻ വളരെയധികം സംതൃപ്തനാണ്', വിവേകിന്റെ വാക്കുകൾ.

നാനി, നസ്രിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് അണ്ടെ സുന്ദരാനികി. റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമയിലെ നാനിയുടെയും നസ്രിയയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. എസ് ജെ സൂര്യ, നാനി, പ്രിയങ്ക മോഹൻ എന്നിവർ പ്രധാന താരങ്ങളായി എത്തിയ സരിപോദാ ശനിവാരം സൂര്യാസ് സാറ്റർഡേ എന്ന പേരിൽ മലയാളത്തിലും തമിഴിലും മൊഴിമാറ്റി എത്തിയിരുന്നു.

Content Highlights: the failure of Nani film Ante Sundaraniki shattered me as a writer says vivek athreya

To advertise here,contact us