റിവ്യൂസ് ഒക്കെ അവിടെ നിൽക്കട്ടെ, ബോക്സ് ഓഫീസിൽ BIG M's തൂക്കിയടി!; പേട്രിയറ്റ് കളക്ഷൻ റിപ്പോർട്ട്

കേരളത്തിൽ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ് സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 61.25 കോടി നേടിയാണെന്നാണ് അണിയറക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്.

ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. കേരളത്തിൽ നിന്ന് പേട്രിയറ്റ് നേടിയത് 8.5 കോടി ആണെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് 9.80 കോടിയാണ് സിനിമയുടെ കളക്ഷൻ. മോഹൻലാൽ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററിൽ വൻ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ കാണാം. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്.

#Patriot collects ₹61.25 crores in its opening weekend. However, the reported ₹125-140Cr budget creates a massive recovery mountain for the film. #Mohanlal #Mammootty #FahadhFaasil #Nayanthara #AntoJoseph #MaheshNarayanan pic.twitter.com/GjkbR5qAEq

കഴിഞ്ഞ ദിവസം സിനിമയുടെ ദുബായ് പ്രീമിയറിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്. ''സിനിമ പുറത്തിറങ്ങി. പലതലത്തിലുള്ള അഭിപ്രായങ്ങളുണ്ട്. നല്ലതാണ്, ചീത്തയാണ്. പകുതികൊള്ളാം, മുക്കാൽകൊള്ളാം. ബാക്കി കൊള്ളാം. അവസാനംകൊള്ളാം, ആദ്യംകൊള്ളാം. അങ്ങനെ ഓരോരുത്തകർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം. ഇതും നിങ്ങളിൽ പലരും കേട്ടുകാണും, അതും കേട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. ഏതായാലും നിങ്ങൾക്ക് ഒരു അഭിപ്രായമുണ്ടാവുമല്ലോ, അതുതന്നെയാണ് വേണ്ടത്. സിനിമാപ്രേക്ഷകർ എല്ലാവർക്കും രസിക്കണമെന്ന് ഉദ്ദേശിച്ചുതന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്. സൈബർ ലോകത്ത് മനുഷ്യരുടെ സ്വകാര്യത നഷ്ടപ്പെടുന്നതിനെ കുറിച്ചാണ് പേട്രിയറ്റ് പറയുന്നത്. കാലിക പ്രസക്തിയുള്ള വിഷയമാണ് ഇത്', മമ്മൂട്ടിയുടെ വാക്കുകൾ.

Content Highlights: Mammootty-mohanlal film Patriot worldwide collection report

To advertise here,contact us