ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ തമിഴ് വെബ് സീരീസ് 'റിസോർട്ടി'ലെ നായകനും എഴുത്തുകാരനുമായ വിജയ് കുമാറിനും ഭാര്യ നക്ഷത്രാമൂർത്തിക്കും നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്സിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി മലയാളി നടി അനുഗ്രഹ എസ് നമ്പ്യാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു വർഷത്തെ കരാറിൽ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്നും കരാർ പ്രകാരം പ്രതിഫലം നൽകിയില്ലെന്നും ആയിരുന്നു നടിയുടെ ആരോപണം. ഇപ്പോഴിതാ അനുഗ്രഹയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ വിജയ് കുമാർ രാജേന്ദ്രൻ.
അനുഗ്രഹയ്ക്കും സുഹൃത്ത് എബി ഷാരോണിനുമാണ് വിജയ് കുമാർ രാജേന്ദ്രന്റേയും ഭാര്യ നക്ഷത്രാമൂർത്തിയുടേയും അഭിഭാഷകൻ ഡോ. ജെ ജെറോം ജോസഫ് വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ വിജയ്ക്കും നക്ഷത്രയ്ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. നടി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. യൂട്യൂബ്, ഇൻസ്റ്റഗ്രാം, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി വ്യാജവും അടിസ്ഥാനമില്ലാത്തതും അപകീർത്തികരവുമായ പ്രസ്താവനകൾ പ്രചരിപ്പിച്ചുവെന്ന് വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. അനുഗ്രഹയുടെ ആരോപണങ്ങൾ ഇരുവരുടേയും പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അനുഗ്രഹയുമായി വിജയ്ക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. മറിച്ചുള്ള അവകാശവാദങ്ങൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും നോട്ടീസിൽ പറയുന്നു.
ഇരുവരുടേയും അപകീർത്തികരമായ പ്രവൃത്തികളെത്തുടർന്ന് ദമ്പതികൾക്ക് മാനസികവേദനയും അപമാനവും സമൂഹത്തിൽ ചീത്തപ്പേരും ജോലിയിൽ നഷ്ടങ്ങളുമുണ്ടായി. ഇക്കാരണങ്ങളാൽ വിജയ്യും നക്ഷത്രയും അനുഗ്രഹയ്ക്കും സുഹൃത്തിനുമെതിരേ സിവിലായും ക്രിമിനലായും നിയമനടപടികളുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചിരിക്കുന്നു. അപകീർത്തി പരാമർശങ്ങളിൽനിന്ന് വിട്ടുനിൽക്കണം. എല്ലാ മാധ്യമങ്ങളിൽനിന്നും പ്രസ്താവനകൾ നീക്കം ചെയ്യണം. 48 മണിക്കൂറിനുള്ളിൽ പരസ്യമായി മാപ്പുപറയണം. ഇല്ലെങ്കിൽ നിയമടപടികളുമായി മുന്നോട്ടുപോവുമെന്നും നോട്ടീസിൽ അറിയിച്ചു.
നിർമാണക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് താൻ മാനസികമായി തകർന്നെന്നും ആത്മഹത്യയുടെ വക്കിലെത്തി എന്നും ആയിരുന്നു അനുഗ്രഹ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞത്. സാമ്പത്തികമായും ശാരീരികമായും വലിയ പ്രതിസന്ധികൾ നേരിട്ടു. തന്നെ അവഹേളിക്കുന്ന രീതിയിൽ വിജയ് കുമാറും ഭാര്യയും സംസാരിച്ചുവെന്നും നടി ആരോപിച്ചു. 'ഒരു വർഷത്തേക്ക് അഭിനയിക്കാൻ കരാർ ഒപ്പിട്ടു. നാലുമാസമായി തന്നെ ഷൂട്ടിങ്ങിന് വിളിക്കുന്നില്ല. ഏഴ് മാസമായി തുടരുന്ന പ്രശ്നങ്ങൾ കഴിഞ്ഞ ഒന്നു രണ്ടു മാസത്തിനിടെ കൂടുതൽ വഷളായി. മറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ അനുമതി ചോദിച്ചാൽ കരാർ ചൂണ്ടിക്കാട്ടി തടയും. പക്ഷേ, സീരീസിന്റെ ഷൂട്ടുമുണ്ടാവില്ല. ജിയോഹോട്ട്സ്റ്റാറിന്റെ തന്നെ മറ്റൊരു പ്രൊജക്ട് തനിക്ക് അങ്ങനെ നഷ്ടമായി', അനുഗ്രഹ പറഞ്ഞു.
Content Highlights: Vijay Kumar sends legal notice to actress Anugraha, asks her to withdraw allegations and apologize within 48 hours