മമ്മൂക്ക-ലാലേട്ടൻ വക ഒന്നൊന്നര ബോക്സ് ഓഫീസ് പഞ്ച്; ആദ്യ ദിനം റെക്കോർഡ് കളക്ഷനുമായി പേട്രിയറ്റ്

മോഹൻലാൽ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററിൽ വൻ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ കാണാം

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ് മികച്ച പ്രതികരണം നേടുന്നു. ആദ്യ ഷോ കഴിയുമ്പോൾ ചിത്രത്തിന്റെ പ്രമേയത്തിനും മേക്കിങ്ങിനും പ്രകടനത്തിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ പകുതി ഒരു കംപ്ലീറ്റ് മമ്മൂട്ടി ഷോ ആണെന്നും അതിഗംഭീരമായാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത് എന്നുമാണ് അഭിപ്രായങ്ങൾ. ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.

ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. കേരളത്തിൽ നിന്ന് പേട്രിയറ്റ് നേടിയത് 8.5 കോടി ആണെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് 9.80 കോടിയാണ് സിനിമയുടെ കളക്ഷൻ. മോഹൻലാൽ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററിൽ വൻ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ കാണാം. പ്രമേയത്തെ അതിനാവശ്യമായ എല്ലാ സാങ്കേതിക ഭംഗിയോടും കൂടി അതിമനോഹരമായി പേട്രിയറ്റിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രധാനമായും ഉയരുന്ന അഭിപ്രായങ്ങൾ.

മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല നയൻതാരയും രേവതിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ദർശനയും സെറിൻ ഷിഹാബുമടക്കം സിനിമയുടെ ഭാഗമായ ഓരോരുത്തരും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതും നിരവധി പേർ പറയുന്നു. പേട്രിയറ്റിൽ സുഷിൻ ശ്യാം ഒരുക്കിയിരിക്കുന്ന പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടികളാണ് ഉയരുന്നത്. സിനിമയുടെ ഓരോ നിമിഷത്തെയും പ്രേക്ഷകരുടെ മനസിൽ പതിപ്പിക്കുന്നത് സുഷിന്റെ സംഗീതമാണെന്നാണ് സിനിമാപ്രേമികൾ പറയുന്നത്.

മഹേഷ് നാരായണന്റെ കഥയ്ക്കും തിരക്കഥയ്ക്കും സംവിധാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്.

Content Highlights: Mammootty-mohanlal film Patriot first day worldwide box office collection report

To advertise here,contact us