ആസിഫ് അലിയുടെ ഏറ്റവും കാത്തിരിക്കുന്ന ചിത്രം ആണ് ടിക്കി ടാക്ക. രോഹിത് വി എസ് ഒരുക്കുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. ഈ ആക്ഷൻ പാക്ക്ഡ് ചിത്രത്തിനായി വലിയ ബോഡി ട്രാൻസ്ഫോർമേഷനാണ് ആസിഫ് നടത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നടി വാമിക ഗബ്ബി.
താൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് പ്രോജക്ടുകളിൽ ഒന്നാണ് ടിക്കി ടാക്ക എന്ന് വാമിഖ പറഞ്ഞു. ചിത്രത്തെക്കുറിച്ച് താൻ വളരെ എക്സൈറ്റഡാണ് എന്നും വാമിഖ പറഞ്ഞു. അവർ എന്തെങ്കിലും ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരുന്നെങ്കിൽ എന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു. ആസിഫ് അലിയുടെ പിറന്നാൾ പ്രമാണിച്ച് സിനിമയുടെ ഒരു ചെറിയ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. കിടിലൻ മാസ്സിൽ ആസിഫ് അലി സിനിമയെക്കുറിച്ച് പറയുന്ന രീതിയിലാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. നിലവിൽ സിനിമയുടെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം നടക്കുകയാണെന്നും ആസിഫ് വീഡിയോയിലൂടെ പറയുന്നുണ്ട്. എന്തായാലും വലിയ വരവേൽപ്പ് തന്നെ സിനിമ ലഭിക്കും എന്ന സൂചനയാണ് വീഡിയോ നൽകുന്നത്. വാമിഖ ഗബ്ബി, സഞ്ജന നടരാജൻ, ലുക്മാൻ അവറാൻ, നസ്ലെൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഈ വർഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് സൂചന.
പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബോളിവുഡിൽ വമ്പൻ നിർമാതാക്കളായ ടി സീരീസ്, പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമാണ പങ്കാളികളാണ്. ബോളിവുഡ് ദൃശ്യത്തിന്റെ സംവിധായകനായ അഭിഷേക് പാതക്കും സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ്.
ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു. ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
Content Highlights: Wamiqa gabbi talks about asif ali film tiki takka