കേരളത്തിനെതിരെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ഇറക്കിയ ചിത്രമായിരുന്നു കേരള സ്റ്റോറി 2. ചിത്രത്തിൻറെ ട്രെയിലറിലെ രംഗങ്ങൾ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതടക്കം നിരവധി രംഗങ്ങളാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. ഈ രംഗങ്ങൾ എല്ലാം വലിയ വിമർശനങ്ങൾ ആണ് ഏറ്റുവാങ്ങിയത്. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയെന്ന പേരിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ വൻതോതിൽ പ്രതിഷേധവുമുയർന്നിരുന്നു.
ഇപ്പോഴിതാ എന്തുകൊണ്ട് കേരള സ്റ്റോറിക്ക് എതിരെ പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് ടൊവിനോ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
'2023 ൽ പുറത്തിറങ്ങിയ ദി കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ മലയാളത്തിലെ ഒരു നടൻമാരും പ്രതികരിച്ചില്ല. കേരളത്തെക്കുറിച്ച് വളരെ തെറ്റായ ഒരു വിവരം നൽകിയ സിനിമയാണത്. അടുത്തിടെ ആ സിനിമയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. എന്തുകൊണ്ടാണ് കേരള സ്റ്റോറി 2 വിനെതിരെയും നിങ്ങൾ പ്രതികരിക്കാതെ ഇരുന്നത്?' എന്നായിരുന്നു ടൊവിനൊക്കെതിരെ ഉയർന്ന ചോദ്യം.
'ഞാൻ അതിന്റെ ആദ്യ ഭാഗം കണ്ടിരുന്നു. അപ്പോൾ തന്നെ എനിക്ക് മനസിലായി, ഞാൻ ഒരു പോസ്റ്റ് ആ സിനിമയെ കുറിച്ച് പങ്കുവെച്ചാൽ അത് അവർക്കൊരു പ്രൊമോഷനായി മാറുമെന്ന്. അപ്പോൾ ഞാൻ തീരുമാനിച്ചു ഒരിക്കലും ഞാൻ അത് ചെയ്യില്ലെന്ന്. ഞാൻ അത് ഒഴിവാക്കി വിട്ടു. കേരളത്തിൽ ആരും ആ സിനിമ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല', ടൊവിനോയുടെ വാക്കുകൾ.
ചിത്രത്തിനെതിരെ കടുത്ത വിമർശനം ഉയരുകയും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്ത് വരികയും ചെയ്തിരുന്നു. കേരളത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് സിനിമ എന്നതായിരുന്നു പ്രധാന വിമർശനം. എന്നാൽ ചിത്രം കേരളത്തെ കുറിച്ചല്ല പറയുന്നതെന്നായിരുന്നു അണിയറ പ്രവർത്തകരുടെ വാദം. 2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. കേരളത്തിൽ പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നുവെന്ന പ്രൊപ്പഗണ്ട പ്രചരിപ്പിച്ച ചിത്രമായിരുന്നു സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി'.
രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ സിനിമ കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ സിനിമയുടെ ഈ പുരസ്കാരത്തിന് പിന്നാലെ നിരവധി ചോദ്യങ്ങളും ഉയർന്നിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചത് എന്നായിരുന്നു വിമർശനങ്ങൾ. സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയ ആദ ശർമ്മ അവതരിപ്പിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിനും നിറയെ ട്രോളുകൾ ലഭിച്ചിരുന്നു. മലയാള ഭാഷയെ വികലമായി അവതരിപ്പിച്ചതിനും മോശം പ്രകടനത്തിൻ്റെ പേരിലുമാണ് വിമർശനങ്ങൾ നടിയെ തേടി എത്തിയത്. അതിന്റെ തുടർച്ചയെന്നോണമാണ് കാമാഖ്യ നാരായൺ സിങ്ങ് കേരള സ്റ്റോറി 2 ചെയ്തിരിക്കുന്നത്.
Content Highlights: Tovino thomas reply why he did not responds to the release of The kerala story 2