തന്റെ ഏറ്റവും പുതിയ സിനിമയായ പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ എത്തവേ ഒരു തമിഴ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ടൊവിനോ തോമസ് നൽകിയ മറുപടി ആണ് വൈറലാകുന്നത്. ദുൽഖർ സൽമാനും ടൊവിനോയും തമ്മിൽ എന്താണ് പ്രശ്നമെന്നും ലോകയുടെ വിജയത്തിൽ തങ്ങളുടെ പേര് പരാമർശിച്ചു കണ്ടില്ലല്ലോ എന്നായിരുന്നു ചോദ്യം.
‘ലോക’ എന്ന സിനിമയിൽ താങ്കള് ഗംഭീര അഭിനയമായിരുന്നു. രണ്ടാം ഭാഗത്തിൽ നായകനും വില്ലനുമാണെന്ന് കേൾക്കുന്നു. ആദ്യ ഭാഗം വലിയ വിജയവുമായിരുന്നു. എന്നാൽ ടൊവിനോയെക്കുറിച്ച് ആ ടീം ആരും ഒന്നും പറഞ്ഞു കേട്ടില്ല. താങ്കളെക്കുറിച്ച് ചോദിക്കുമ്പോഴും അവർ മൗനം പാലിച്ചു. ദുൽഖർ സൽമാനും നിങ്ങളും തമ്മിൽ എന്താണ് പ്രശ്നം?', എന്നായിരുന്നു ചോദ്യം.
താൻ ദുൽഖറുമായുള്ള വാട്സ് ആപ്പ് ചാറ്റ് താൻ കാണിക്കാമെന്നും ഇത്തരം ഊഹാപോഹങ്ങൾ ഉണ്ടാക്കുന്നത് വഴി എന്ത് സന്തോഷമാണ് ഉണ്ടാകുന്നതെന്നും ടൊവിനോ മറുപടി പറഞ്ഞു. 'ഞങ്ങളെല്ലാം വർഷങ്ങളായി ഒരുമിച്ച് അഭിനയിച്ച് പരിചയമുള്ളവരാണ്. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയത് തന്നെ ദുൽഖർ സൽമാൻ അഭിനയിച്ച ‘തീവ്രം’ എന്ന സിനിമയിലൂടെയാണ്. അടുത്ത പടവും ദുൽഖറിനൊപ്പമായിരുന്നു, ‘എബിസിഡി’ എന്ന ആ സിനിമയിൽ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിച്ചു. അന്ന് തൊട്ട് ഇന്നുവരെ ദുൽഖർ എന്നോട് വളരെ സ്വീറ്റ് ആയി മാത്രമേ പെരുമാറിയിട്ടുള്ളൂ. വേണമെങ്കിൽ ഞങ്ങളുടെ വാട്സ് ആപ്പ് ചാറ്റ്സ് കാണിച്ചു തരാം. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും എന്താണ് ഞങ്ങളുടെ സൗഹൃദമെന്ന്. വെളിയിലിരുന്ന് കാണുന്നവർക്ക് ഇത്തരം ഗോസിപ്പുകളും ഊഹാപോഹങ്ങളും കൊളുത്തി വിടുന്നത് വളരെ എളുപ്പമാണ്. എന്നാൽ മിക്ക സമയത്തും ഇതെല്ലാം കണ്ട് ചിരിച്ചു തള്ളുകയാണ് ഞങ്ങൾ ചെയ്യാറുള്ളത്.
‘ലോക’ രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറായി കൊണ്ടിരിക്കുകയാണ്. ആ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഞങ്ങളെല്ലാം ഇവിടെ വരും. അപ്പോൾ അവരോട് തന്നെ നിങ്ങൾ എന്നെക്കുറിച്ച് ചോദിച്ചു നോക്കൂ. ‘ലോക’ സിനിമയുടെ റിലീസ് സമയത്ത് ദുൽഖർ ആണ് എന്നെ ഇങ്ങോട്ട് വിളിച്ച് ദുബായിൽ പ്രൊമോഷന് വരാൻ പറയുന്നത്. അദ്ദേഹം തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് രണ്ട് ദിവസം എന്നെ അവിടെ താമസിപ്പിച്ചു. ഇത്തരം ഊഹാപോഹങ്ങളൊക്കെ ആരാണ് കണ്ട് പിടിക്കുന്നത്, എന്ത് സന്തോഷമാണ് ഇതിൽ നിന്നും ഉണ്ടാകുന്നത്', ടൊവിനോയുടെ വാക്കുകൾ.
Content Highlights: Tovino Thomas funny reply to a journalist who asked about feud rumours with Dulquer Salmaan