ഗായികയായും നടിയായും പ്രേക്ഷരെ ഞെട്ടിച്ച ആളാണ് ആൻഡ്രിയ. അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികൾക്കും സുപരിചിതയാണ് ആൻഡ്രിയ. നടിയുടേതായി രണ്ട് സിനിമകൾ ഇനി പുറത്തുറങ്ങാനുണ്ട്. മിഷ്കിൻ ഒരുക്കിയ പിസാസ് 2 വും, മനുഷി എന്ന ചിത്രവുമാണ് ഇനി പുറത്തിറങ്ങാൻ കാത്തിരിക്കുന്ന ആൻഡ്രിയ സിനിമകൾ. ഇപ്പോഴിതാ ഈ സിനിമകൾ വൈകുന്നതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടി.
'സത്യം പറഞ്ഞാൽ എനിക്ക് ഒരു ഉത്തരമില്ല. രണ്ട് സിനിമകളും റിലീസിന് റെഡി ആണ്. പക്ഷേ നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആരെങ്കിലും മുന്നോട്ട് വന്ന് അവ തിയേറ്ററുകളിൽ എത്തിക്കാൻ സഹായിക്കേണ്ടതുണ്ട്', ആൻഡ്രിയയുടെ വാക്കുകൾ. ആൻഡ്രിയയെ പ്രധാന കഥാപാത്രമാക്കി മിഷ്കിൻ ഒരുക്കിയ സിനിമയാണ് പിശാച് 2 . നേരത്തെ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ആൻഡ്രിയ ജെറമിയ, വിജയ് സേതുപതി, പൂർണ, സന്തോഷ് പ്രതാപ് എന്നിവരാണ് പിശാച് 2 വിലെ പ്രധാന അഭിനേതാക്കൾ. കാർത്തിക് രാജയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. മിഷ്കിൻ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
എൻ ഗോപി നായനാർ ഒരുക്കുന്ന സിനിമയാണ് മനുഷി. ഒരു സോഷ്യൽ ഡ്രാമയായി ഒരുങ്ങുന്ന സിനിമയ്ക്ക് ഇതുവരെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. കവിൻ ചിത്രം മാസ്ക് ആണ് അവസാനമായി പുറത്തുവന്ന ആൻഡ്രിയ ചിത്രം. സിനിമയിൽ വില്ലൻ വേഷത്തിലാണ് ആൻഡ്രിയ എത്തിയത്. കർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഹിറ്റാണ്.
Content Highlights: Andrea talks about her unreleased films pisasu 2 and manushi