എന്റെ നിറം കാരണം ആ സിനിമയിൽ എന്നെ നായകനാക്കാൻ സംവിധായകൻ ആദ്യം മടിച്ചു; ഭരത്

'സിനിമ പൂർത്തിയാക്കി ആറ് വർഷത്തിന് ശേഷം അതേ തെരുവിൽ തന്നെ ഞാൻ ഒരു പുതിയ വീട് വാങ്ങി'

സംവിധായകൻ ഷങ്കർ നിർമിച്ച് ബാലാജി ശക്തിവേൽ ഒരുക്കിയ ചിത്രമാണ് കാതൽ. സന്ധ്യയും ഭരതുമാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വിജയമായിരുന്നു. ചിത്രത്തിലേക്ക് തന്നെ നായകനായി പരിഗണിക്കാൻ സംവിധായകൻ ആദ്യം മടിച്ചിരുന്നെന്ന് പറയുകയാണ് നടൻ ഭരത്.

'എന്റെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു. പക്ഷേ, ഷൂട്ടിംഗ് ആരംഭിക്കുന്നതുവരെ എന്റെ നിറം കാരണം അദ്ദേഹത്തിന് എന്നിൽ സംശയമുണ്ടായിരുന്നു. കാരണം ഒരു അർബൻ സ്വഭാവത്തിലുള്ള പേഴ്സണാലിറ്റി ആയിരുന്നു എന്റേത്. ഷങ്കർ സാറിന്റെ പഴയ ഓഫീസിൽ വെച്ചാണ് സ്ക്രീൻ ടെസ്റ്റ് നടന്നത്. സിനിമ പൂർത്തിയാക്കി ആറ് വർഷത്തിന് ശേഷം അതേ തെരുവിൽ തന്നെ ഞാൻ ഒരു പുതിയ വീട് വാങ്ങി. അത് എനിക്ക് അഭിമാനം നൽകുന്ന ഒന്നാണ്. എന്റെ കഠിനമായ തയ്യാറെടുപ്പുകൾ ആണ് ഷങ്കർ സാർ എന്നെ തിരഞ്ഞെടുക്കാൻ കാരണം', ഭരത്തിന്റെ വാക്കുകൾ.

കാളിദാസ് 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ഭരത്തിന്റെ ചിത്രം. 2019 ൽ പുറത്തുവന്ന കാളിദാസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സാം സി.എസ് ആണ് കാളിദാസ് 2 വിനായി സംഗീതം ഒരുക്കുന്നത്. അജയ് കാർത്തി, ഭവാനി ശ്രീ, അബർണതി എന്നിവർ പ്രധാന വേഷങ്ങളിൽ ഈ സിനിമയിൽ എത്തുന്നുണ്ട്. പ്രശസ്ത നടി സംഗീത കാളിദാസ് 2 ലൂടെ സിനിമാ മേഖലയിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ശ്രീ സെന്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫൈവ് സ്റ്റാർ കെ സെന്തിലും ഡോ. ​​എൻ. യോഗേശ്വരനും ചേർന്നാണ് നിർമിക്കുന്നത്.

Content Highlights: Balaji Sakthivel hesitated to cast me in Kaadhal for my skin colour says Bharath

To advertise here,contact us