പവൻ കല്യാണിനെ നായകനാക്കി ഹരീഷ് ശങ്കർ ഒരുക്കിയ ചിത്രമാണ് ഉസ്താദ് ഭഗത് സിംഗ്. ഒരു ആക്ഷൻ ചിത്രമായി തിയേറ്ററിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ കൂപ്പുകുത്തുന്ന കാഴ്ചയാണുണ്ടാകുന്നത്. ആദ്യ വാരം പിന്നിടുമ്പോൾ മലയാള ചിത്രം ആട് 3 യെക്കാൾ വളരെ പിന്നിലാണ് ആഗോള നേട്ടത്തിൽ ഈ പവൻ കല്യാൺ ചിത്രം.
ഇന്ത്യയിൽ നിന്ന് 77.36 കോടിയും ഓവർസീസ് മാർക്കറ്റിൽ നിന്ന് 10.72 കോടിയുമാണ് പവൻ കല്യാൺ സിനിമയുടെ ഇതുവരെയുള്ള സമ്പാദ്യം. മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മോശം തിരക്കഥയും മേക്കിങ്ങുമാണ് സിനിമയുടേതെന്നും പവൻ കല്യാണിന്റെ ഏറ്റവും മോശം സിനിമകളിൽ ഒന്നാണ് ഇതെന്നുമാണ് കമന്റുകൾ. നടന്റെ പ്രകടനത്തിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ തന്നെ സിനിമയുടെ നിരവധി ട്രോൾ വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അതേസമയം, ജയസൂര്യ ചിത്രം ആട് 3 ആഗോള ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ടു. പുറത്തിറങ്ങി ഏഴ് ദിവസം കൊണ്ടാണ് ആട് 3 ഈ നേട്ടം കൈവരിച്ചത്.
ആട് 3 യ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതിലൂടെ ഈ ഫ്രാഞ്ചൈസി താൻ അവസാനിപ്പിക്കുകയാണെന്നും മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്".
Content Highlights: Aadu 3 crossed worldwide collections of pawan kalyan film ustad bhagat singh