മലയാള സിനിമയിൽ എന്നും ഓർമിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച നടൻ ആയിരുന്നു ഇ എ രാജേന്ദ്രൻ. വേറിട്ട ശബ്ദവും ഡയലോഗ് ഡെലിവറിയിലെ അദ്ദേഹത്തിന്റേതായ സ്റ്റൈലും കൊണ്ട് വളരെപെട്ടെന്നായിരുന്നു അദ്ദേഹം സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വില്ലനായും ക്യാരക്റ്റർ റോളിലും ടെലിവിഷൻ താരമായും ഇ എ രാജേന്ദ്രൻ തിളങ്ങിയിട്ടുണ്ട്.
നാടക നടനായിട്ടായിരുന്നു രാജേന്ദ്രന്റെ തുടക്കം. തുടര്‍ന്ന് സിനിമയില്‍ എത്തിയ രാജേന്ദ്രന് അറുപതോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു. ഇതിന് പുറമേ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ തൃത്തല്ലൂരിലെ ഏങ്ങൂര് തറവാട്ടില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായാണ് ജനനം. തൃത്തല്ലൂര്‍ യു പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂള്‍ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കലാലയപഠനത്തിന് ശേഷം ഡല്‍ഹിയിലെ നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന രാജേന്ദ്രന്, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിന് ശേഷം പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്സിന് ചേര്‍ന്നു.
തുടക്കത്തിൽ വി ആര് ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയില്‍ കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ചെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തിയത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്. ജയറാം ചിത്രം പട്ടാഭിഷേകത്തിലെ ബലരാമൻ എന്ന വില്ലൻ കഥാപാത്രം രാജേന്ദ്രന്റെ കരിയറിലെ മികച്ച വേഷമാണ്. ഒപ്പം നിന്ന് അവസാനം ചതിക്കുന്ന ക്രൂരനായ വില്ലനായി അദ്ദേഹം തകർത്താടി.
മോഹൻലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം നരസിംഹത്തിലെ രാമകൃഷ്ണൻ എന്ന വില്ലൻ കഥാപാത്രവും രാജേന്ദ്രന്റെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ഒന്നായി മാറി. പിന്നീട് പ്രണയവര്‍ണ്ണങ്ങള്‍, ദയ, പട്ടാഭിഷേകം, ഉദയപുരം സുൽത്താൻ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും അഭിനയിച്ചു. ലാൽ ജോസ് ചിത്രം മീശ മാധവനിലെ പൂവത്തിങ്കൽ വിശ്വം എന്ന ചേട്ടൻ കഥാപാത്രവും ഇന്നും ഓർമിക്കപ്പെടുന്ന രാജേന്ദ്രന്റെ വേഷങ്ങളിൽ ഒന്നാണ്.
കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നടൻ മുകേഷിന്റെ സഹോദരിയായ സന്ധ്യ ആണ് രാജേന്ദ്രന്റെ പത്നി. ബേസിൽ ജോസഫ് ചിത്രം പൊൻമാനിൽ ഒരു ശ്രദ്ധേയ വേഷം സന്ധ്യ അവതരിപ്പിച്ചിട്ടുണ്ട്. സംസ്കാരം നാളെ തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കും.
Content Highlights: Best character and villain roles of actor ea Rajendran