തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഈ വാരം ഒടിടിയിൽ എത്തുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. വമ്പൻ വിജയചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഈ വാരം ഒടിടിയിലേക്ക് എത്തുന്നത്.
സനൂബ് കെ യൂസഫ് നിര്‍മിച്ച് നവാഗതനായ ഫെബി ജോര്‍ജ് സംവിധാനം ചെയ്ത സിനിമയാണ് റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ് ബൈ ഗോഡ്. സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, അപര്‍ണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം ബിബിന്‍ ജോര്‍ജ്, അഭിഷേക് രവീന്ദ്രന്, വൈശാഖ് വിജയന്, ചെമ്പില്‍ അശോകന്, നീന കുറുപ്പ്, മണികണ്ഠന് പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ എന്നിവരും എത്തുന്നുണ്ട്. ചിത്രം മാർച്ച് 20 മുതൽ ഒടിടിയിലേക്ക് എത്തും. മനോരമ മാക്സിലൂടെ ആണ് ചിത്രം സ്ട്രീമിങ്ങിനെത്തുന്നത്.
സണ്ണി ഡിയോൾ നായകനാക്കി അനുരാഗ് സിങ് സംവിധാനം ചെയ്ത ചിത്രമാണ് ബോർഡർ 2. വരുൺ ധവാൻ, ദിൽജിത് ദോസാഞ്ജ്, അഹാൻ ഷെട്ടി എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ വലിയ വിജയമാണ് സിനിമ നേടിയത്. 400 കോടിയ്ക്ക് മുകളിലാണ് സിനിമ വാരിക്കൂട്ടിയത്. മാർച്ച് 20 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ഫ്രീഡ മക്ഫാഡന്റെ നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന സൈക്കോളജിക്കൽ ത്രില്ലറാണ് ദ് ഹൗസ്മെയ്ഡ്. സിഡ്നി സ്വീനി, അമാൻഡ സെയ്ഫ്രൈഡ്, ബ്രാൻഡൻ സ്ക്ലെനർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു ക്രൈം ത്രില്ലറായി എത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.
ചിത്രത്തിലെ സിഡ്നി സ്വീനിയുടെ പ്രകടനത്തിന് വലിയ കയ്യടികൾ ലഭിച്ചിരുന്നു. ബോക്സ് ഓഫീസിലും സിനിമയ്ക്ക് മികച്ച വിജയം കാഴ്ചവെച്ചിരുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ ഇപ്പോൾ ലഭ്യമാണ്. കബീർ ദുഹാൻ സിങ് പ്രധാന വേഷത്തിൽ എത്തുന്ന സീരീസ് ആണ് 'കാസർകോട് എംബസി'. ലെജൻഡറി മൂവീസ് നിർമ്മിക്കുന്ന ഈ സീരിസിൽ സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം, അപർണ, അശ്വതി, ലോനെസ്റ്റിൻ, അർജുൻ, രോഹിത്, നന്ദു പൊതുവാൾ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഏഴ് എപ്പിസോഡുകളാണ് ഈ സീരീസിൽ ഉള്ളത്. മാർച്ച് 20 മുതൽ ഈ സീരീസ് സ്ട്രീമിങ് ആരംഭിക്കും. സീ 5 വിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്.
വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ മണികണ്ഠൻ ഒരുക്കുന്ന പുതിയ തമിഴ് വെബ് സീരീസ് ആണ് കാട്ടാൻ. മണികണ്ഠൻ ഒരുക്കുന്ന ഈ സീരീസ് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് പുറത്തുവരുന്നത്. വിജയ് സേതുപതി തന്നെയാണ് സ്വന്തം ബാനറിൽ ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 27 മുതൽ സീരിസ് സ്ട്രീമിങ് ആരംഭിക്കും.
Content Highlights: Vijay Sethupathi, sunny deol, sydeney sweeney films releasing on OTT this week