ധുരന്ദർ സംവിധായകൻ 50,000 ഡോളർ തന്നു, അനുമതി വാങ്ങുകയും ചെയ്തു; തുറന്ന് പറഞ്ഞു പാക് ഗായകൻ

പണ്ട് കോപ്പിറൈറ്റ് സംവിധാനം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ എൻ്റെ പാട്ടുകൾ ആര് ഉപയോഗിക്കാനാഗ്രഹിച്ചാലും ആദ്യം അനുമതി വാങ്ങുകയും പണം നൽകുകയും ചെയ്യുന്നു

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. സിനിമയുടെ ആകർഷണങ്ങളിൽ ഒന്നായിരുന്നു സിനിമയിലെ ട്രാക്കുകൾ. സിനിമയുടെ വിജയത്തിൽ അതിലുൾപ്പെടുത്തിയ ക്ലാസിക് ഗാനങ്ങൾക്കും വലിയ പങ്കാണ്.തന്റെ ക്ലാസിക് ട്രാക്കായ ഹവാ ഹവാ അടുത്തിടെ ഒരു സിനിമയിൽ ഉപയോഗിച്ചതിന് 50,000 ഡോളർ ലഭിച്ചതായി പാകിസ്ഥാൻ ഗായകൻ ഹസൻ ജഹാംഗീർ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

ഗായകൻ ചിത്രത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും, സിനിമ ബോക്സ് ഓഫീസിൽ അത് 1,100 കോടി രൂപ നേടിയെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ സിനിമ ധുരന്ദർ ആണെന്ന് ആരാധകർ മനസിലാക്കിയിട്ടുണ്ട്. 'ഷാൻ ഇ സിയൂർ' എന്ന പരിപാടിയിലായിരുന്നു ഗായകന്റെ പ്രതികരണം. ഗാനം ഉപയോഗിക്കുന്നതിന് പ്രതിഫലം ലഭിച്ചോ എന്ന് അവതാരക ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം മറുപടി നൽകിയത്. 'അതെ, നിർമ്മാതാക്കൾ എനിക്ക് 50,000 ഡോളർ തന്നു (ഏകദേശം 45 ലക്ഷം രൂപ). പണം നൽകുകയും ഗാനം ഉപയോഗിക്കാൻ അനുമതി വാങ്ങുകയും ചെയ്തു,' എന്നാണ് അദ്ദേഹം പറയുന്നത്.

ഇത് കേട്ടപ്പോൾ, അവതാരക 'ധുരന്ദർ' സിനിമയുടെ പേര് പരാമർശിച്ച്, നിർമ്മാതാക്കൾ അനുമതി വാങ്ങിയത് നല്ല കാര്യമാണെന്ന് പറയുകയും ചെയ്തു. 'പണ്ട് കോപ്പിറൈറ്റ് സംവിധാനം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ എൻ്റെ പാട്ടുകൾ ആര് ഉപയോഗിക്കാനാഗ്രഹിച്ചാലും ആദ്യം അനുമതി വാങ്ങുകയും പണം നൽകുകയും ചെയ്യുന്നു. 'ഹവാ ഹവാ' പുറത്തിറങ്ങിയിട്ട് 40 വർഷമായി. ഞാൻ അത് 1986-ൽ റെക്കോർഡ് ചെയ്ത്, 1987-ൽ പുറത്തിറക്കിയതാണ്,'ഹസൻ ജഹാംഗീർ പറഞ്ഞു. സഞ്ജയ് ദത്തിന്റെ കഥാപാത്രമായ എസ് പി ചൗധരി അസ്ലമിനെ പരിചയപ്പെടുത്തുന്ന ഒരു പ്രധാന രംഗത്തിനിടെയാണ് ഈ ഗാനം പ്ലേ ചെയ്യുന്നത്, സ്പൈ ത്രില്ലറിന് ശ്രദ്ധേയമായ ഒരു റെട്രോ ടച്ച് നൽകിയിരുന്നു.

🎙️ Hassan Jahangir revealed that the team of #Dhurandhar paid $50,000 to use his iconic song Hawa Hawa.He said the makers took proper permission before using the track in the film. pic.twitter.com/338amGXLlH

അതേസമയം, സിനിമയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. മാർച്ച് 19 ന് ചിത്രം പ്രദർശനം ആരംഭിക്കും. ഏറെ ആവേശത്തോടെ ചിത്രത്തെ കാത്തിരിക്കുന്ന ആരാധകരില്‍ നിന്നും വമ്പന്‍ ഡിമാന്‍ഡ് ആണ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ക്കായി ഉയരുന്നത്. രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന ജസ്‌കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആണ് ആഗോള റിലീസായി എത്തുന്നത്. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകന്‍ ആദിത്യ ധര്‍ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ്സ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Content Highlights: Pakistani singer Hasan Jahangir clarified that he had officially granted permission and received payment for the use of his song in the film Durandar, addressing ongoing discussions around music rights.

To advertise here,contact us