ഹനു രാഘവപുടിയുടെ ഹിറ്റ് ചിത്രമായ 'അന്താല രാക്ഷസി'യിലൂടെ കരിയർ ആരംഭിച്ച നടിയാണ് ലാവണ്യ ത്രിപാഠി. ഇപ്പോഴിതാ തമിഴ് സിനിമയിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറയുകയാണ് നടി. ഒരു സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നും സിനിമയിൽ നിന്ന് പിന്മാറിയപ്പോൾ തനിക്ക് എതിരെ കേസ് കൊടുത്ത് അപമാനിക്കാൻ ശ്രമിച്ചുവെന്നും നടി പറഞ്ഞു.
'ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ കരാറായ സമയത്ത് ആ ചിത്രത്തിന്റെ സംവിധായകൻ തന്നെ അസ്വസ്ഥയാക്കുന്ന തരത്തിൽ പെരുമാറി. ഇത് ശരിയല്ലെന്ന് തോന്നിയതിനെത്തുടർന്ന് ആ സിനിമയിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. എന്റെ നിലപാട് വ്യക്തമാക്കിയതോടെ സംവിധായകനും കൂട്ടരും എനിക്കെതിരെ കേസ് കൊടുത്തു. പത്രങ്ങളിൽ തെറ്റായ വാർത്തകൾ നൽകി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു.
അന്ന് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. ആരോടും സഹായം ചോദിച്ചില്ല. പക്ഷേ ആ സമ്മർദ്ദം കാരണം, ഒരു ദിവസം ഞാൻ വീട്ടിൽ വന്ന് കരഞ്ഞു. സാധാരണ ഞാൻ കരയാറില്ല. കരഞ്ഞതിന് ശേഷം ഞാൻ എഴുന്നേറ്റ് ഒരു ചായ ഉണ്ടാക്കിക്കുടിച്ച് സ്വയം ആശ്വസിപ്പിച്ചു. കരയുന്നത് നല്ലതാണ്, പ്രശ്നമില്ല. ഞാൻ അത്തരം സാഹചര്യങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. ഇതെല്ലാം നിങ്ങളെ വളരെ ശക്തരാക്കുന്നു. എനിക്ക് ആ വ്യക്തിയോടൊപ്പം പ്രവർത്തിക്കാൻ സുഖമായി തോന്നിയില്ല. അതുകൊണ്ട് ഞാൻ 'ഇല്ല' എന്ന് പറഞ്ഞു.
അതിനുശേഷവും അവർ എന്നെ ശല്യപ്പെടുത്തി. നിങ്ങൾ നരകത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ മുന്നോട്ട് തന്നെ നീങ്ങുക എന്ന തത്വമാണ് ഞാൻ സ്വീകരിച്ചത്,' ലാവണ്യ പറഞ്ഞു. അതേസമയം, അഥർവ നായകനായ 'ടണൽ' എന്ന തമിഴ് ചിത്രത്തിലാണ് ലാവണ്യ ഒടുവിൽ അഭിനയിച്ചത്. ദേവ് മോഹൻ നായകനാകുന്ന 'സതി ലീലാവതി' എന്ന ചിത്രമാണ് ലാവണ്യ നായികയായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
Content Highlight: Actress Lavanya Tripathi has opened up about a troubling experience she faced with a Tamil film director during the early phase of her career. Speaking about the incident in a recent interview, the actress recalled how the situation left her uncomfortable and became one of the challenging moments she had to navigate in the film industry.