അച്ഛനും മുത്തശ്ശനും ഉണ്ടാക്കിയ സ്റ്റാര്‍ഡം പ്രശ്നമായി, ഒളിച്ചോടിയത് അമേരിക്കയിലേക്ക്; വിക്രം പ്രഭു

ഇവിടെ നില്‍ക്കാന്‍ കഴിയാതെ ഒളിച്ചോടി പോയ കാര്യമൊന്നും അച്ഛനോട് ഞാന്‍ പറഞ്ഞിരുന്നില്ല. സിനിമയാണ്, എന്തൊക്കെ ഫേസ് ചെയ്യേണ്ടി വരും എന്ന് നിനക്കറിയാമോ എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്.

അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുന്ന താരങ്ങൾ നിരവധിയാണ്. മലയാളത്തിലായാലും തമിഴിലായാലും അങ്ങനെ ഒരുപാട് താരങ്ങളെ കാണാനാകും. അക്കൂട്ടത്തിൽ ഒരാളാണ് നടൻ വിക്രം പ്രഭു. തമിഴകത്തെ ഇതിഹാസ നടനായ ശിവാജി ഗണേശന്റെ കൊച്ചുമകനായ വിക്രം അച്ഛൻ പ്രഭുവിന് പിന്നാലെയാണ് സിനിമയിലേക്ക് എത്തുന്നത്. ഇന്ന് തമിഴിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് വിക്രം പ്രഭു. എന്നാൽ അച്ഛനും മുത്തശ്ശനും ഉണ്ടാക്കിയ സ്റ്റാര്‍ഡത്തില്‍ നിന്ന് താന്‍ ഒളിച്ചോടാൻ ശ്രമിച്ചിരുന്നുവെന്ന് പറയുകയാണ് നടൻ. 'സിറൈ' എന്ന ചിത്രത്തിന്റെ സക്സസ് മീറ്റിൽ സംസാരിക്കവെയാണ് വിക്രം പ്രഭുവിന്റെ തുറന്നുപറച്ചിൽ.

'ചെറുപ്പം മുതലേ ശിവാജി ഗണേശന്റെ കൊച്ചുമകന്‍, പ്രഭുവിന്റെ മകന്‍ എന്ന ടാഗിലാണ് വളര്‍ന്നത്. എവിടെ പോയാലും അത് തന്നെ കേള്‍ക്കേണ്ടി വരും. എനിക്ക് സ്വന്തമായ ഒരു ഐഡന്റിറ്റിയേ ഇല്ലാതെയായി. ആരെങ്കിലും ഇന്നയാളുടെ മകനല്ലേ, കൊച്ചുമകനല്ലേ എന്ന് ചോദിച്ചു വരുമ്പോള്‍ തന്നെ ഓടാന്‍ തുടങ്ങി. അങ്ങനെ കോളേജിൽ പഠിക്കാനായി ഓടി എത്തിയതാണ് അമേരിക്കയിലേക്ക്. അവിടെ ആരും എന്നെ തിരിച്ചറിഞ്ഞില്ല, എനിക്ക് എന്നെ സ്വയം കണ്ടെത്താന്‍ സാധിച്ചു. അപ്പോഴാണ് സിനിമ തന്നെയാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞത്. പക്ഷേ സംവിധാനത്തിലേക്കായിരുന്നു താത്പര്യം.

എന്ത് വേണം എന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് കുംകി എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. അച്ഛനോട് പറയുക പോലും ചെയ്യാതെയാണ് കുംകി എന്ന ചിത്രത്തില്‍ കരാറ് ചെയ്തിട്ട് വന്നത്. അതിന് ശേഷമാണ് അദ്ദേഹത്തോട് സിനിമയിലേക്ക് വരാന്‍ താത്പര്യമുണ്ട് എന്നത് പറഞ്ഞത്. ഇവിടെ നില്‍ക്കാന്‍ കഴിയാതെ ഒളിച്ചോടി പോയ കാര്യമൊന്നും അച്ഛനോട് ഞാന്‍ പറഞ്ഞിരുന്നില്ല. സിനിമയാണ്, എന്തൊക്കെ ഫേസ് ചെയ്യേണ്ടി വരും എന്ന് നിനക്കറിയാമോ എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്.

അങ്ങനെ എന്താണ് എങ്ങനെയാണ് എന്നൊന്നും അറിയാതെയാണ് കുംകിയിലേക്ക് എത്തിയത്. അവിടെ നിന്ന് താണക്കാരന് സ്‌റ്റേറ്റ് അവാര്‍ഡ് വരെ. എനിക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കാന്‍ കഴിയില്ലേ എന്ന് ഭയന്ന് ഓടിയ എനിക്ക് ഇപ്പോള്‍ ഇവിടെ വരെ എത്താന്‍ സാധിച്ചു. അത് ആലോച്ചിക്കുമ്പോൾ അഭിമാനം ഉണ്ട്; വിക്രം പ്രഭു പറഞ്ഞു.

Content Highlights: Actor Vikram Prabhu has candidly discussed the challenges he faced due to his family’s stardom. In a recent interview, he revealed that growing up as the son of actor Karthik and grandson of legendary actor Sivaji Ganesan came with unique difficulties, including high expectations and constant comparisons.

To advertise here,contact us