രശ്മി സതീശ് ആലപിച്ച രൂപം എന്ന ഗാനം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നു. എങ്ങയണ്ടിയൂര് ചന്ദ്രശേഖരനാണ് ഗാനത്തിന്റെ വരികള്‍ എഴുതിയത്. ബാല്യകാലത്തെ ഭയത്തെക്കുറിച്ചും, ആ പേടികള്‍ നിശബ്ദമായി കരുത്തായി മാറുന്നതിനെക്കുറിച്ചുമുള്ള ഒരു വിചിന്തനമാണ് 'രൂപം'. കുട്ടിക്കാലത്ത് നാട്ടുദൈവങ്ങളുടെയും ആത്മാക്കളുടെയും മിത്തുകളിലെ കഥാപാത്രങ്ങളുടെയും കഥകള്‍ അമിതമായ പേടിയും ഭീതിയും ഉണ്ടാക്കുന്നവയായിരുന്നു. ഭാവനയുടെ നിഴലുകളില്‍ വസിച്ചിരുന്ന അവരുടെ രൂപങ്ങള്‍, അത്ഭുതവും ഭയവും കലര്‍ന്ന രാത്രികളെയായിരുന്നു അന്ന് സമ്മാനിച്ചിരുന്നത്.
എന്നാല്‍ കാലം കടന്നുപോകുമ്പോള്‍ അവയുടെ അര്‍ത്ഥവും മാറുന്നു. വേഗതയേറിയതും അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതുമായ ഈ ലോകത്ത് വളരുമ്പോള്‍, ജീവിതം ഓരോന്നായി കവര്‍ന്നെടുക്കാനും നിശബ്ദത അസഹനീയമാകാനും തുടങ്ങുമ്പോള്‍-ആ പഴയ കഥാപാത്രങ്ങള്‍ സാവധാനം മടങ്ങിവരുന്നു. എന്നാല്‍ ഇത്തവണ അവ നമ്മെ ഭയപ്പെടുത്താനല്ല, മറിച്ച് വഴികാട്ടികളായാണ് എത്തുന്നത്. ഒരുകാലത്ത് ബാല്യത്തെ വേട്ടയാടിയിരുന്ന ആ രൂപങ്ങള്‍ പിന്നീട് അതിജീവനത്തിന്റെയും സംരക്ഷണത്തിന്റെയും ആത്മബലത്തിന്റെയും പ്രതീകങ്ങളായി മാറുന്നു.
ആ പരിവര്‍ത്തനത്തിന്റെ കഥയാണ് 'രൂപം' പറയുന്നത്. നാം പണ്ട് ഭയപ്പെട്ടിരുന്ന രൂപങ്ങള്‍ തന്നെ, ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളില്‍ നമ്മെ ചേര്‍ത്തുപിടിക്കുന്ന കരുത്തായി എങ്ങനെ മാറുന്നു എന്നതാണ് ഇതിന്റെ ഇതിവൃത്തം.
ഉറുമി, ചാപ്പാകുരിശ്, ബാച്ചിലര്‍ പാര്‍ട്ടി, ഫ്രൈഡേ തുടങ്ങി നിരവധി ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുത്ത് രശ്മി സതീശിന്റെ 'രൂപം' ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Content Highlights: song roopam sung by rashmi sathish is receiving appreciation from the audience