തമിഴ് യുവതാരം കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന യൂത്ത് എന്ന ചിത്രത്തിലെ പുതിയ മ്യൂസിക് വീഡിയോ വീഡിയോ പുറത്ത്. 'ലവ് സൊല്ലിട്ടാലേ' എന്ന വൈബ് യൂത്ത് ഗാനമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്ന ഗാനത്തിന് വരികള്‍ രചിച്ചത് കെന്‍, ഈശ്വര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജി വി പ്രകാശ് കുമാറും കെന്നും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. ഒരു പക്കാ ഡാന്‍സ് നമ്പര്‍ ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കെന്‍ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസാണ്. മാര്‍ച്ച് 19ന് ചിത്രം തീയറ്ററിലെത്തും.
കെന്‍ കരുണാസ് തന്നെ രചനയും നിര്‍വഹിച്ച ഈ സ്കൂള്‍ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത് പാര്‍വത എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ കറുപ്പയ്യ സി റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛന് വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്.
തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെന്‍. നേരത്തെ ചിത്രത്തിലെ 'മുട്ട കലക്കി' എന്ന ഗാനം പുറത്തു വരികയും തെന്നിന്ത്യയില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. കേരളത്തിലും യുവ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയിലാണ് ഈ ഗാനം ശ്രദ്ധ നേടിയത്. ഈ ഗാനത്തിനും വരികള്‍ രചിച്ചതും ആലപിച്ചതും കെന്‍ കരുണാസ് തന്നെയാണ്. സ്കൂള്‍ ജീവിതത്തിലെ പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഗാനങ്ങളിലെ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 'മുട്ട കലക്കി' ഗാനത്തിലെ ദൃശ്യങ്ങളെല്ലാം തന്നെ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ റീലുകളിലൂടെ യുവാക്കള്‍ക്കിടയില്‍ വൈറലാണ്. ഇപ്പോള്‍ പുറത്ത് വന്ന 'ലവ് സൊല്ലിട്ടാലേ' എന്ന ഗാനവും അതിന്റെ ഗംഭീര ബീറ്റുകളും നൃത്തവും കൊണ്ട് മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.
മലയാളി താരം അനിഷ്മ അനില്‍കുമാറാണ് ചിത്രത്തിലെ നായിക. ദേവദര്‍ശിനി ചേതന്‍, പ്രിയാന്‍ഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോര്‍ത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവല്‍ എന്റെര്‍റ്റൈനെര്‍ ആണ് 'യൂത്ത്' എന്നാണ് ചിത്രത്തിന്റെ ട്രെയ്ലര് നല്കുന്ന സൂചന. 15 വയസുള്ള ടീനേജ് നായകന്, തന്റെ സ്കൂള്‍ ജീവിതം അവസാനിക്കുന്നതിനു മുന്‍പ് തന്നെ ജീവിതത്തിലെ യഥാര്‍ത്ഥ പ്രണയത്തെ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയവും പ്രണയ നൈരാശ്യവുമെല്ലാം ഈ യുവാവിന്റെ ജീവിതത്തിലെ വളര്‍ച്ച, പക്വത, കാഴ്ചപ്പാടുകള്‍ എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ചിത്രത്തിലൂടെ പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഛായാഗ്രഹണം- വിക്കി, എഡിറ്റര്‍- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാര്‍, ആക്ഷന്‍- കലൈ കിങ്സണ്‍, കലാസംവിധായകന്‍- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനര്‍ - കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- വിജയ് എംപി, പ്രൊഡക്ഷന്‍ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അരോകിയ വിക്ടോ പ്രിന്‍സ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷന് എക്സിക്യൂട്ടീവ്- സുരേഷ് കുമാര്‍, വരികള്‍- വിഘ്നേഷ് ശ്രീകാന്ത്, കെന്‍ കെ, ഈശ്വര്‍ സന്താനലക്ഷ്മി, സൌണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൌണ്ട് മിക്സ്- അരവിന്ദ് മേനോന്, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്), പിആര്‍ഒ- ശബരി.
Content Highlights: The music video for 'Love Sollittaale' from Ken Karunas' film Youth is out