ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി, അതിനിടയിൽ ആ ഉദ്ഘാടനവും; ഐശ്വര്യ ലക്ഷ്മി

'അതിന്റെ ഫിറ്റിങ്ങളും ശരിയായിരുന്നില്ല. കുളിക്കുന്നതിനിടയ്ക്ക് വന്നതാണോ എന്നൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു'

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച നടി പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. അടുത്തിടെ ഐശ്വര്യ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ധരിച്ച വസ്ത്രം ചിലരെ ചൊടിപ്പിച്ചിരുന്നു. മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയിൽ എത്തിയത്. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

അന്ന് തനിക്ക് സംഭവിച്ചത് ഒരു അബദ്ധമായിരുന്നെന്നും ട്രോളുകള്‍ തന്നെ ബാധിച്ചിട്ടില്ലെന്നും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഐശ്വര്യ മനസുതുറന്നത്‌. 'അതൊരു ഫാഷന്‍ മിസ്ജഡ്ജ്‌മെന്റായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. അതിനുവേണ്ടി ഭാരം കൂട്ടി. സ്റ്റണ്ട് ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി, വല്ലാതെ ക്ഷീണിച്ചു. അതിനിടയിലായിരുന്നു ആ ഉദ്ഘാടനച്ചടങ്ങ്. ഞാന്‍ ഒട്ടും തയ്യാറെടുത്തിരുന്നില്ല. ആ വസ്ത്രം ട്രയല്‍ ചെയ്തു നോക്കിയതുമില്ല. അതിന്റെ ഫിറ്റിങ്ങളും ശരിയായിരുന്നില്ല. കുളിക്കുന്നതിനിടയ്ക്ക് വന്നതാണോ എന്നൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞെത്തിയ ശേഷം ഞാന്‍ തന്നെ സുഹൃത്തുക്കളോട് ഇതുപറഞ്ഞ് ചിരിച്ചു. വസ്ത്രം മോശമായെന്ന് പറഞ്ഞതില്‍ എനിക്ക് കുഴപ്പമില്ല. ഇറ്റ്‌സ് ഫൈന്‍. അബദ്ധം ആര്‍ക്കും പറ്റാമല്ലോ. എല്ലാ ദിവസവും എല്ലാവരും ടിപ് ടോപ്പ് ആയിട്ടാണോ പോകുന്നത്. അന്നെനിക്ക് അതുപോലൊരു ദിവസമായിരുന്നു അത്രയേ ഉള്ളൂ', നടിയുടെ വാക്കുകൾ.

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. 'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'.

Content Highlights: Aiswarya Lekshmi responds to the troll she received for wearing a dress

To advertise here,contact us