മൂന്ന് വമ്പൻ സിനിമകൾ ആണ് ഇത്തവണ മാർച്ച് 19 ന് റിലീസിനൊരുങ്ങുന്നത്. മലയാളത്തിൽ നിന്ന് ആട് 3, കന്നഡയിൽ നിന്ന് യഷ് നായകനായി എത്തുന്ന ടോക്സിക്, ബോളിവുഡിൽ നിന്ന് ധുരന്ദർ 2 എന്നിവയാണ് മാർച്ച് 19 ന് റിലീസിന് ഒരുങ്ങുന്നത്. കേരളത്തിലും വമ്പൻ റിലീസ് ആണ് ഈ സിനിമകൾക്കായി കാത്തിരിക്കുന്നത്.
മൂന്ന് സിനിമകൾക്കും കേരളത്തിൽ വലിയ ഹൈപ്പുള്ളതിനാൽ നിറയെ സ്ക്രീനുകളാണ് ഇവയ്ക്കായി ചാർട്ട് ചെയ്തിരിക്കുന്നത്. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി സിനിമയാണ് ആട് 3. ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇതിനോട് ചേർന്ന് നിൽക്കുന്നതാണ് സിനിമയുടെ പോസ്റ്ററുകളും ഇപ്പോൾ ഇറങ്ങിയ ട്രെയ്ലറും. കേരളത്തിൽ ആട് ത്രീയ്ക്ക് 300 ഓളം സ്ക്രീനുകൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ദിനം മികച്ച ഓപ്പണിങ് തന്നെ സിനിമയ്ക്ക് നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
യഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ടോക്സിക്കിനും കേരളത്തിൽ ചലനമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ ടോക്സിക്കിനും കേരളത്തിൽ 300 സ്ക്രീനുകൾ ലഭിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ കെജിഎഫ് പോലെ വീണ്ടും യഷ് കേരളത്തിൽ വമ്പൻ ഓപ്പണിങ് തന്നെ നേടാനാണ് സാധ്യത.
'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, അദ്ദേഹം 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നയൻതാര, കിയാര അദ്വാനി, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ഗീതു മോഹൻദാസിന്റെ സംവിധായക എന്ന നിലയിലുള്ള കരിയറിലെ ഏറ്റവും വലിയ കാൽവെപ്പാണ്. ആദ്യ ഭാഗം വമ്പൻ വിജയമായതുകൊണ്ട് ധുരന്ദർ 2 നായി കേരളത്തിൽ കാത്തിരിക്കുന്നവരും ഏറെയാണ്. ആദ്യ ഭാഗം പത്ത് കോടിയോളമാണ് കേരളത്തിൽ നിന്നും നേടിയത്. ഹൈപ്പിന്റെ കാര്യത്തിൽ ഒട്ടും പുറകിൽ അല്ലാത്തതിനാൽ രൺവീർ ചിത്രം മറ്റു രണ്ട് സിനിമകൾക്കൊപ്പം ചലനം ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. 150 സ്ക്രീനുകൾ കേരളത്തിൽ ധുരന്ദർ 2 ന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 4 മണിക്കൂറിനടുത്ത് സിനിമയ്ക്ക് ദൈർഘ്യം ഉണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സിനിമയുടെ ആദ്യ ഭാഗം മൂന്ന് മണിക്കൂറും 34 മിനിറ്റായിരുന്നു. ധുരന്ദർ- ദി റിവജ് എന്നാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പേര്.
Content Highlights: Aadu 3, yash starring Toxic, Dhurandhar will open big at kerala box office, reports of screens for each film out now