ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ഐ എം എ ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. സിനിമാ–സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. രഞ്ജിൻ രാജിന്റെ ഗണപതി സ്തുതിയോട് കൂടി ആരംഭിച്ച ചടങ്ങിൽ ജസ്ന ജയദീഷിന്റെ നൃത്തം വേദിയെ ഭക്തി നിർഭരമാക്കി. സിനിമയുടെ ഓഡിയോ പ്രകാശനം ചെയ്തു. ഭീഷ്മറിന്റെ ഓഡിയോ ലോഞ്ചിൽ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറിയത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് വേദിയിൽ “കാട്ടുപുലി” എന്ന ഭീഷ്മറിലെ ഗാനം ആലപിച്ചതായിരുന്നു. ഒരു ശ്ലോകം ഉൾപ്പെടെ ആറ് ഗാനങ്ങളാണ് ഭീഷ്മർ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രഞ്ജിൻ രാജ്, കെ. എ. ലത്തീഫ് എന്നിവർ ഈണം നൽകിയ ഗാനങ്ങൾക്ക് ഹരിനാരായണൻ ബി. കെ., സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവർ രചന നിർവഹിക്കുന്നു.
വിനീത് ശ്രീനിവാസൻ, അനില രാജീവ്, ദാന റാസിഖ്, രഞ്ജിൻ രാജ്, ബിനു തൃക്കാക്കര എന്നിവർക്ക് പുറമെ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പിന്നണി ഗായകരായി എത്തുന്നതും ഭീഷ്മർ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. രണ്ട് പ്രണയ ഗാനങ്ങളാണ് ഭീഷ്മറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനില രാജീവ് ആലപിച്ച ‘ഇത്തിരി പോന്നൊരു’ എന്ന ഗാനം ഒരു ക്യാംപസ് പ്രണയഗാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസന് വേണ്ടി അദ്ദേഹത്തിന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ഗാനമാണ് ‘അമ്പല പ്രാവിന്റെ’. വിനീതിനൊപ്പം അനില രാജീവ് തന്നെയാണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീതം നൽകുന്ന ഈ രണ്ട് ഗാനങ്ങൾക്കും വരികൾ രചിച്ചിരിക്കുന്നത് ബി. കെ. ഹരിനാരായണനാണ്.
ഈസ്റ്റ് കോസ്റ്റിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് മാപ്പിളപ്പാട്ടായ ‘പാൽ നിലാ പുഞ്ചിരി’ ഭീഷ്മറിൽ വീണ്ടും എത്തുന്നതും ചിത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. ഒ. എം. കരുവാരക്കുണ്ടിന്റെ വരികൾക്ക് കെ. എ. ലത്തീഫ് സംഗീതം നൽകിയ ഈ എവർഗ്രീൻ ഗാനം ആലപിച്ചത് ദാന റാസിഖ് ആണ്. ടൈറ്റിൽ ഗാനമായി അണിയിച്ചൊരുക്കിയ ‘കാട്ടുപുലി’ എന്ന ഗാനം ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് ചിത്രത്തിനായി ആലപിക്കുന്നു. ഇവർക്കൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലു, ജിബിൻ ഗോപിനാഥ്, ബിനു തൃക്കാക്കര, അഖിൽ കവലയൂർ, ഷാജു ശ്രീധർ എന്നിവർ കോറസ് ഗായകരായും എത്തുന്നു. കല്യാണ പശ്ചാത്തലത്തിൽ ഒരുക്കിയ ‘കല്യാണം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിനു തൃക്കാക്കരയാണ്. ഈ രണ്ട് ഗാനങ്ങൾക്കും വരികൾ ഒരുക്കിയത് സന്തോഷ് വർമ്മയാണ്.
ഇതോടൊപ്പം രഞ്ജിൻ രാജിന്റെ ശബ്ദത്തിൽ ഒരു ഭക്തിനിർഭരമായ ശ്ലോകവും ഭീഷ്മർ സിനിമയുടെ സംഗീതത്തിന് മാറ്റ് കൂട്ടുന്നു. വിനീത് ശ്രീനിവാസനും അനില രാജീവും ചേർന്ന് ആലപിച്ച ‘അമ്പല പ്രാവിന്റെ’ എന്ന ഗാനം നാളെ യൂട്യൂബിൽ റിലീസ് ചെയ്യും. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഭീഷ്മർ സ്വന്തമാക്കുന്നു. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
ദിവ്യ പിള്ളയും അമ്മേരയും നായികമാരായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നു. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. രഞ്ജിൻ രാജും കെ. എ. ലത്തീഫും ഈണം നൽകിയ അഞ്ച് ഗാനങ്ങൾക്ക് ഹരിനാരായണൻ ബി. കെ., സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവർ വരികൾ രചിച്ചിരിക്കുന്നു.
കലാസംവിധാനം: ബോബൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്, മേക്കപ്പ്: സലാം അരൂക്കുറ്റി, സംഘട്ടനം: ഫിനിക്സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതന്, വി എഫ് എക്സ്: നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്കറ്റ് എന്നിവരാണ് മറ്റ് അണിയറ ശില്പികൾ. സജിത്ത് കൃഷ്ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പെരുമ്പാവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സാണ് ഓഡിയോ ലേബൽ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ ഭീഷ്മർ മാർച്ച് 20 ന് തിയേറ്ററുകളിലേക്കെത്തും.
Content Highlights: The audio launch of Bheeshmar was held in Kochi. The event witnessed the presence of the film’s cast, crew and invited guests from the industry. Songs from the film were officially unveiled during the ceremony.