പ്രിയ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. വിവാഹ തീയതിയും റിസപ്ഷൻ വിവരങ്ങളും അടങ്ങിയ ക്ഷണക്കത്ത് ആണ് വൈറലായിരിക്കുകയാണ്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2026 ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക. നേരത്തെ ഉദയ്പൂർ കൊട്ടാരത്തിൽ വെച്ചായിരിക്കും വിവാഹമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ റിസപ്ഷൻ നടക്കുക ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാകും എന്നാണ് ക്ഷണക്കത്തിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. മാർച്ച് നാലിനാണ് റിസപ്ഷൻ നടക്കുക. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ടോളിവുഡിലെ ഈ പ്രിയ ജോഡികൾ ഒന്നാകുന്നത്. വിവാഹം ഈ വർഷമുണ്ടാകുമെന്ന് നേരത്തെ തന്നെ സ്ഥിരീകരണമുണ്ടായിരുന്നു.
പുറത്തുവന്ന ക്ഷണക്കത്തിന്റെ പൂർണരൂപം:
‘‘പ്രിയപ്പെട്ട …
ഏറെ സന്തോഷകരമായ ഒരു വാർത്ത പങ്കുവെയ്ക്കാനും ഞങ്ങളുടെ ജീവിതത്തിലെ ഈ വലിയ നിമിഷത്തിൽ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാൻ ഈ കത്തെഴുതുന്നത്. ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി, ഫെബ്രുവരി 26-ന് (26.02.26) രശ്മികയും ഞാനും വളരെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരാവുകയാണ്.ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായം തുടങ്ങുമ്പോൾ - ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓർമകൾ ആഘോഷമാക്കുമ്പോൾ - ഞങ്ങളുടെ യാത്രയിൽ ഇന്നുവരെ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം ഞങ്ങൾക്ക് വലിയ അർഥമുള്ളതാണ്. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഈ അവസരത്തെ ഞങ്ങൾക്ക് കൂടുതൽ സവിശേഷമാക്കും.
ഞങ്ങളുടെ വിവാഹ സൽക്കാരത്തിൽ പങ്കുചേരാനും ഞങ്ങളെ അനുഗ്രഹിക്കാനും നിങ്ങളെ സ്നേഹപൂർവം ക്ഷണിക്കുന്നു.
2026 മാർച്ച് 4, ബുധനാഴ്ച | വൈകുന്നേരം 7 മണി മുതൽതാജ് കൃഷ്ണ ബഞ്ചാര ഹിൽസ്, ഹൈദരാബാദ്
നമുക്ക് ഒന്നിച്ച് ഈ സന്തോഷം ആഘോഷിക്കാൻ കാത്തിരിക്കുന്നു.
സ്നേഹപൂർവം,
വിജയ് (രശ്മികയ്ക്കും എനിക്കും വേണ്ടി)’’
2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി തെന്നിന്ത്യൻ സിനിമയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. പിന്നീട് 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചതോടെ ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായി. വിജയ് ദേവരകൊണ്ട നായകനായി ഇനി പുറത്തിറങ്ങാനുള്ള രണബാലി എന്ന ചിത്രത്തിൽ രശ്മിക ആണ് നായിക. ചിത്രം ഈ വർഷം തന്നെ സിനിമ പുറത്തുവരും.
Content Highlights: Vijay Deverakonda and rashmika mandhanna to get married on february 6th, wedding invitation goes viral