നടന് നിവിന്‍ പോളിയും നിര്‍മ്മാതാവ് പിഎസ് ഷംനാസും തമ്മിലുള്ള തര്‍ക്കത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. രണ്ട് കേസുകള്‍ സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സംവിധായകന് എബ്രിഡ് ഷൈനും പിഎസ് ഷംനാസും തമ്മിലുള്ള തര്‍ക്കവും മീഡിയേഷന് വിട്ടു. മധ്യസ്ഥ ചര്‍ച്ച നടത്താന്‍ ഹൈക്കോടതി മീഡിയേഷന് സെന്ററിന് നിര്‍ദ്ദേശം നൽകി.
സമവായ ചര്‍ച്ചകള്‍ക്കായി മധ്യസ്ഥനെ ഹൈക്കോടതി നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകന് ജോര്‍ജ്ജ് മെര്‍ലോ പള്ളത്തിനെ മധ്യസ്ഥനായി നിയോഗിച്ചത്. നിവിന്‍ പോളിയെയും പിഎസ് ഷംനാസിനെയും പങ്കെടുപ്പിച്ച് ഈ മാസം 20ന് മധ്യസ്ഥ ചര്‍ച്ച നടത്തും. നിവിന്‍ പോളി നല്കിയ പരാതിയില്‍ പിഎസ് ഷംനാസിനെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന് പാലാരിവട്ടം പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. പിഎസ് ഷംനാസ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
വ്യാജ ഒപ്പിട്ട് ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ സ്വന്തമാക്കി എന്നാണ് നിവിൻ പോളി നൽകിയ പരാതി. എന്നാൽ എതിരെ ഷംനാസിന്റെ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് നേരത്തെ വഞ്ചന കുറ്റത്തിന് കേസ് എടുത്തിരുന്നു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ 'മഹാവീര്യര്‍' ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്ന ഷംനാസ്. ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് 'ആക്ഷന്‍ ഹീറോ ബിജു 2'-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി.
ഷംനാസിൽ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങി മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നൽകിയെന്നാണ് പൊലീസ് എഫ് ഐ ആറിൽ പറയുന്നത്. നിവിൻ പോളിയുടെ 'പോളി ജൂനിയർ ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെപേരിൽ മുൻകൂറായി കൈപ്പറ്റിയെന്നും എഫ്ഐആറിൽ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഷംനാസ് നൽകിയ പരാതിയിൽ പറയുന്നുണ്ടായിരുന്നു.
Content Highlights: In the dispute involving Nivin Pauly and a producer, the court has advised both sides to pursue an amicable settlement as legal proceedings continue.