മലയാളികൾക്ക് സുപരിചിതയായ നടിയാണ് മംമ്ത മോഹൻദാസ്. ആത്മധെെര്യത്തിന്റെ പ്രതീകമായി മംമ്തയെ പറയുന്നതിൽ തെറ്റുണ്ടാവില്ല. ജീവിതത്തിൽ തിരിച്ചടികൾ ഒന്നിലേറെ തവണ വന്നപ്പോഴും തകർന്ന് പോകാതെ മുന്നോട്ട് നീങ്ങാൻ മംമ്തയ്ക്ക് സാധിച്ചു .രണ്ട് തവണ മംമ്ത കാൻസറിനെ അഭിമുഖീകരിച്ചു. ഇതിനിടെ വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനും ബാധിച്ചു. ഇതെല്ലാം മംമ്ത നേരിട്ടു. നടിയുടെ വിവാഹ ജീവിതവും നിരാശയായിരുന്നു സമ്മാനിച്ചിരുന്നത്. വിവാഹമോചിതയാണ് മംമ്ത. ഡിവോഴ്സ് കഴിഞ്ഞ ഉടനെ മറ്റൊരു ബന്ധത്തിലേക്ക് താൻ കടന്നിരുന്നുവെന്നും എന്നാൽ പിന്നീടാണ് അത് റീബൗണ്ട് ആണെന്ന് മനസിലായതെന്ന് പറയുകയാണ് നടി.
'യാഥാർഥ്യത്തിലേക്ക് കണ്ണ് തുറക്കണം. വിവാഹബന്ധമെന്നാൽ നമ്മളതിൽ വർക്ക് ചെയ്യണം. ആരെയാണ് നിങ്ങൾ വിവാഹം ചെയ്യുന്നതെങ്കിലും ആ ബന്ധത്തിൽ നമ്മൾ വർക്ക് ചെയ്യണം. എന്റെ ഡിവോഴ്സ് കഴിഞ്ഞയുടനെ ഞാൻ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. പിന്നീടാണ് അത് റീബൗണ്ട്സ് ആണെന്ന് ഞാൻ മനസിലാക്കിയത്. അത് നമ്മൾക്ക് വലിയ ദോഷം ചെയ്യും; മംമ്ത പറഞ്ഞു.
2011 ൽ വിവാഹിതരായ മംമ്ത 2012 ൽ വേർപിരിഞ്ഞിരുന്നു. ആറ് മാസം മാത്രമായിരുന്നു മംമ്ത വിവാഹ ജീവിതം നയിച്ചത്. മുൻ ഭർത്താവിനെ കണ്ടുമുട്ടിയതും പിരിയാനുള്ള കാരണവും നടി തന്നെ തുറന്നു പറയുന്നുണ്ട്. 'മുന്‍ പരിചയങ്ങളുമുണ്ടായിരുന്നില്ല. മുന്‍ഭര്‍ത്താവ് പ്രജിത്തിനെ ഞാന്‍ കണ്ടുമുട്ടിയത്, അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിലാണ്. ബഹറൈനിലായിരുന്നു അദ്ദേഹം, ചെറുപ്പം മുതലേ അറിയാം, പക്ഷേ ചുരുങ്ങിയ തവണ മാത്രമേ നേരില്‍ കണ്ടിട്ടുള്ളൂ. സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം സമാനമായിരുന്നു. എന്തുകൊണ്ട് നമുക്ക് വിവാഹം ചെയ്തുകൂടാ, എന്റെ ഇരട്ട സഹോദരിയുടെ വിവാഹം കഴിഞ്ഞു ഇനി എന്റേതാണ് എന്ന് പ്രജിത്ത് പറഞ്ഞു. ഓകെ അച്ഛനോട് സംസാരിക്കൂ എന്ന് ഞാനും പറഞ്ഞു. അത്രയും സിംപിളായിരുന്നു ആ തീരുമാനം.
വിവാഹം എന്നത് ജീവിത കാലം മുഴുവന്‍ ഉള്ള കമ്മിറ്റ്മെന്റ് എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ കല്യാണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കേണ്ടി വന്നു. അത്ര എളുപ്പമായ ഒരു തീരുമാനമായിരുന്നില്ല അത്. ഇതെല്ലാം നടക്കുന്നത് എനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ച ഒരു വര്‍ഷത്തിനിടയിലാണ്. കല്യാണത്തിന്റെ തീരുമാനത്തില്‍ എനിക്കായിരുന്നു നിര്‍ബന്ധം, മംമ്ത ശരിക്കും നീ ആലോച്ചിട്ടാണോ എന്ന് അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. കാരണം അവര്‍ ബഹറൈനിലെ വലിയൊരു ബിസിനസ് കുടുംബമാണ്. ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ശരീരവും ആരോഗ്യവുമായി പോരാടുകയാണ്, എനിക്കൊരു കംപാനിയന് വേണം എന്ന് വാശിപിടിച്ചത് ഞാനാണ്- മംമ്ത പറഞ്ഞു.
Content Highlights: Mamta Mohandas speaks candidly about her life after divorce. She admits to entering a new relationship soon after the separation. Actor describes it as a rebound that turned out to be bad for her.