45 കോടി മുടക്കി, തിയേറ്ററിൽ ലഭിച്ചത് 1 ലക്ഷം, ചിത്രത്തിന്റെ 35 ശതമാനം ഷൂട്ട് ചെയ്തിട്ടില്ല; ഭൂമി പഡ്നേക്കർ

ചിത്രത്തിന്റെ ഏകദേശം 35 ശതമാനം ഷൂട്ട് ചെയ്തിട്ടില്ല, ബജറ്റ് വിചാരിച്ചതിലും കൂടുതലായെന്നും കൂടുതൽ സമയമെടുത്തെന്നും എന്നോട് പറഞ്ഞു.

അജയ് ബെഹലിൻ്റെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'ദ ലേഡി കില്ലർ'. 45 കോടി മുടക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത് വെറും 1 ലക്ഷം രൂപയായിരുന്നു. വമ്പൻ പരാജയമായിരുന്നു സിനിമയ്ക്ക് നേരിട്ടത്. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് സിനിമയിലെ നായിക കൂടിയായിരുന്ന ഭൂമി പഡ്നേക്കർ. കേട്ട കഥയല്ല സിനിമ ആയതെന്നും സിനിമയുടെ വലിയൊരു ഭാഗം ചിത്രീകരിക്കാതെയാണ് തിയേറ്ററിൽ എത്തിയതെന്നും നടി പറഞ്ഞു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'ഞങ്ങൾ വായിച്ച തിരക്കഥ പൂർണ്ണമായിരുന്നു. സിനിമയുടെ വലിയൊരു ഭാഗം ചിത്രീകരിച്ചിട്ടില്ല. തിയേറ്ററിൽ റീലീസ് ചെയ്ത സിനിമ അപൂർണമായിരുന്നു. ഒരുപക്ഷേ ഞാൻ സിസ്റ്റത്തിന്റെ ഭാഗമായിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു തരത്തിൽ കൈകാര്യം ചെയ്യാമായിരുന്നു. ഞാൻ ആകെ അമ്പരന്നുപോയി. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. ഇതുപോലെ ഒന്ന് എന്റെ കരിയറിൽ മുൻപ് സംഭവിച്ചിട്ടില്ല. ഇതൊരു പാഠമാണെന്നും ഇനി ആവർത്തിക്കരുതെന്നും ഞാൻ തിരിച്ചറിഞ്ഞു.

ചിത്രത്തിന്റെ ഏകദേശം 35 ശതമാനം ഷൂട്ട് ചെയ്തിട്ടില്ല. പെട്ടെന്ന് ചിത്രം റിലീസ് ചെയ്യുകയാണെന്ന് എന്നോട് പറഞ്ഞത് ഇപ്പോഴും എനിക്ക് ഒരു നിഗൂഢത പോലെയാണ് തോന്നുന്നത്. ബജറ്റ് വിചാരിച്ചതിലും കൂടുതലായെന്നും കൂടുതൽ സമയമെടുത്തെന്നും എന്നോട് പറഞ്ഞു. അഭിനേതാക്കൾ എന്ന നിലയിൽ ആ സാഹചര്യത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാനാകില്ല, കാരണം ഇതൊന്നും ഞങ്ങളുടെ ഭാഗത്തു നിന്നല്ല സംഭവിച്ചത്', ഭൂമി പറഞ്ഞു. ഈ അനുഭവം വ്യക്തിപരമായും തൊഴിൽപരമായും വേദനാജനകമായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. താൻ പൂർണമായും തകർന്നു പോയെന്നും എന്നാൽ അത് നിർമാതാക്കളുടെ തീരുമാനം ആയിരുന്നുവെന്നും നടി പറഞ്ഞു.

Content Highlights: Bhumi Pednekar spoke about the poor performance of The Lady Killer. She revealed that nearly 35 percent of the film was not shot before its release. The actress indicated that production issues affected the final output.

To advertise here,contact us