'സാംസ്‌കാരിക രംഗത്തെ ഏറ്റവും വലിയ വിടവ്, കഴിയുമെങ്കിൽ പുതിയ കേരള സർക്കാർ 2026ൽ തന്നെ നികത്തണം': ഷഹബാസ് അമൻ

'വെറുപ്പിനെ മുൻകൂട്ടി മറികടക്കാനും നിലവിൽ വെറുപ്പ് ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വി(ഷൻ)ഷം നിർവീര്യമാക്കാനും മറ്റൊരു ഔഷധം തേടി 'ബുദ്ധിയുള്ള മലയാളി' വേറെ എങ്ങും അലയരുതേ'

കേരളത്തിലെ സാംസ്‌കാരിക രംഗത്ത് നടപ്പിലാക്കേണ്ട പുതിയ പദ്ധതിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ച് സംഗീതജ്ഞനായ ഷഹബാസ് അമൻ. ഐഎഫ്എഫ്‌കെ പോലെ ഒരു അന്താരാഷ്ട്ര സംഗീതോത്സവവും കേരളത്തിൽ കൊണ്ടുവരണം എന്നാണ് ഷഹബാസ് അമൻ ആവശ്യപ്പെടുന്നത്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ ഏറ്റവും വേഗം നികത്തപ്പെടേണ്ട വിടവുകളിലൊന്നാണ് ഈ മ്യൂസിക് ഫെസ്റ്റിവലെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നത്.

IFFK യ്ക്ക് സമാനമായി International music festival of kerala (IMFK) എന്ന പേരും ഷഹബാസ് നിർദേശിച്ചിട്ടുണ്ട്. മികച്ച ഒരു മ്യൂസിക് ഫെസ്റ്റിവൽ പോലെ അതിരുകളില്ലാതെ സ്‌നേഹം പങ്കുവെക്കാൻ പറ്റുന്ന മറ്റൊരു ഇടമില്ലെന്നും അദ്ദേഹം പറയുന്നു. വെറുപ്പിനെ മുൻകൂട്ടി മറികടക്കാനും വെറുപ്പ് ഉത്പാദിപ്പിക്കുന്ന വിഷങ്ങളെ നിർവീര്യമാക്കാനും സംഗീതമല്ലാതെ മറ്റൊരു ഔഷധം നേടി മലയാളി അലയേണ്ടതില്ലെന്നും കുറിപ്പിലുണ്ട്. കഴിയുമെങ്കിൽ 2026ന്റെ ഒടുക്കം തന്നെ, കേരളസർക്കാർ (മനുഷ്യ വിരുദ്ധ, മുതലാളിത്ത മത-സംഹിതാ-ആശയ-ആദർശ ധാർഷ്ട്യ ശക്തികൾ അല്ലാത്ത ആരായാലും ) IMFK ക്ക് തുടക്കം കുറിച്ചിരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ഷഹബാസ് അമൻ കുറിപ്പ് അവസാനിക്കുന്നത്.

മാതാചാരങ്ങളും വിവിധ വിശ്വാസസംഹിതകളുമൊക്കെ അങ്ങാടിയിലേക്കെത്തുമ്പോൾ ഉണ്ടാക്കുന്ന അലോസരങ്ങൾ മ്യൂസിക് ഫെസ്റ്റിവലുകൾക്കും ബാധകം. അതുകൊണ്ട് എങ്ങനെയുള്ളതായിരിക്കണം ആ ഫെസ്റ്റിവൽ എന്ന ആലോചന ധിഷണയോടൊപ്പം ഉന്നതമായ ഹൃദയകാരുണ്യം കൂടി ആവശ്യപ്പെടുന്നുവെന്നും ഷഹബാസിന്റെ കുറിപ്പിലുണ്ട്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

സ്‌നേഹം നിറഞ്ഞവരേ…പല തീർത്ഥാടനകേന്ദ്രങ്ങളിലും പോയിട്ടുള്ള ഒരാളെന്ന നിലക്ക് ഈ വാക്കുകൾ നിങ്ങൾ മുഖവിലക്ക് എടുക്കുമെങ്കിൽ പറയട്ടെ, മിക്ക സമാഗമ സ്ഥലങ്ങളും കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ പരീക്ഷണ മാപിനികളായി വർത്തിക്കാറുണ്ടെങ്കിലും എവിടെയൊക്കെയോ ഒരു അടവുണ്ട്. മികച്ച ഒരു മ്യൂസിക് ഫെസ്റ്റിവൽ പോലെ പരസ്പരം സ്‌നേഹം പങ്കുവെയ്ക്കാൻ പറ്റുന്ന മറ്റൊരിടം ഭൂലോകത്തുണ്ടാവില്ലെന്ന് വ്യക്തിപരമായി വിശ്വസിക്കാൻ അനുവദിക്കുന്നതിനു നന്ദി!

അതിവേഗം വളർന്നു വരുന്ന ഒരു നാട് എന്ന നിലക്ക് നമ്മൾ ജീവിക്കുന്ന ഈ ചെറിയ കേരളത്തിൽ സാംസ്‌കാരികമായ പല ഘടകങ്ങളുടെയും വിടവുകൾ ഇനിയും ഉണ്ടെങ്കിലും അതിൽ വേഗം നികത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ iffk പോലെയുള്ള ഒരു സർക്കാർ തല അന്താരാഷ്ട്ര മ്യൂസിക് ഫെസ്റ്റിവലിന്റെ കുറവ് എന്നാണുത്തരം !

സമാരംഭിച്ചു വെറും മൂന്ന് ലക്കങ്ങൾ കൊണ്ട് തന്നെ ഉദ്ദേശിച്ചതിനേക്കാൾ ഇഴയടുപ്പവും പരസ്പര സ്‌നേഹവുമുള്ള ഒരു നല്ല കമ്യൂണിറ്റിയെ ഉറപ്പായും അതിലൂടെ കേരളത്തിനു കിട്ടും! മനോഹരമായി ഉപയോഗിക്കാമെങ്കിൽ ഫെഡറൽ സ്റ്റേറ്റ് എന്ന ആശയത്തിനു അനുബന്ധമായി നിലവിലുള്ള മറ്റു എന്തിനേക്കാളും മികവും തിളക്കവുമാർന്ന ഒരു കിടിലൻ സപ്പോർട്ടിങ് സിസ്റ്റം അതുണ്ടാക്കിത്തരും!

ഭാവിയിൽ പല ചിദ്ര ശക്തികളെയും മനുഷ്യസ്‌നേഹത്താൽ ഒന്നിച്ച് നിന്ന് പ്രതിരോധിക്കേണ്ടത്തിലേക്ക് ഏറ്റവും വലിയ മുതൽക്കൂട്ടാവുക ആ കമ്യൂണിറ്റി ആയിരിക്കും എന്നുറപ്പാണ്! ചിന്തിക്കേണ്ടവർ ചിന്തിക്കുമല്ലോ! ഇതെഴുതിയ ആൾ ആയുസ്സും ആരോഗ്യവുമുണ്ടെങ്കിൽ ആ ഫെസ്റ്റിവലിൽ വന്ന്, സ്‌നേഹം നിറഞ്ഞ ഒരു കൂട്ടം മനുഷ്യർക്കിടയിൽ സംഗീതത്തിൽ അലിഞ്ഞു ഡാൻസ് ചെയ്യേണ്ട ഒരാൾ മാത്രം!

ഒരു കാര്യം വ്യക്തമാക്കട്ടെ. പേഴ്‌സണൽ ആയ എന്തും സാമൂഹ്യമായി പകർന്നുനൽകുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മ്യൂസിക്കിനും ബാധകമാണ്. മാതാചാരങ്ങളും വിവിധ വിശ്വാസസംഹിതകളുമൊക്കെ അങ്ങാടിയിലേക്കെത്തുമ്പോൾ ഉണ്ടാക്കുന്ന അലോസരങ്ങൾ മ്യൂസിക് ഫെസ്റ്റിവലുകൾക്കും ബാധകം. അതുകൊണ്ട് എങ്ങനെയുള്ളതായിരിക്കണം ആ ഫെസ്റ്റിവൽ എന്ന ആലോചന ധിഷണയോടൊപ്പം ഉന്നതമായ ഹൃദയകാരുണ്യം കൂടി ആവശ്യപ്പെടുന്നു! ഫലസമൃദ്ധി സുനിശ്ചയം ! അത് മൂന്ന് വട്ടം

വെറുപ്പിനെ മുൻകൂട്ടി മറികടക്കാനും നിലവിൽ വെറുപ്പ് ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വി(ഷൻ)ഷം നിർവീര്യമാക്കാനും സംഗീതത്തോളം പ്രാപ്തിയുള്ള മറ്റൊരു ഔഷധം തേടി 'ബുദ്ധിയുള്ള മലയാളി' വേറെ എങ്ങും അലയരുതേ…കഴിയുമെങ്കിൽ 2026 ന്റെ ഒടുക്കം തന്നെ, കേരളസർക്കാർ (മനുഷ്യ വിരുദ്ധ, മുതലാളിത്ത മത-സംഹിതാ-ആശയ-ആദർശ ധാർഷ്ട്യ ശക്തികൾ അല്ലാത്ത ആരായാലും ) IMFK ക്ക് തുടക്കം കുറിച്ചിരിക്കണം !

നന്ദി, എല്ലാവരോടും സ്‌നേഹം….

Content Highlights: Shahabaz Aman talks about the need to start an international music festival in kerala

To advertise here,contact us