മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ആണ് നേടിയത്. സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച വാൾട്ടർ എന്ന കാമിയോ റോൾ കയ്യടികൾ നേടിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ വാൾട്ടർ എന്ന കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ അദ്വൈത് നായർ. മമ്മൂക്കയെപ്പോലൊരു ലെജന്റിനെ സംവിധാനം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും സിനിമയ്ക്ക് നേരെ വരുന്ന വിമർശനങ്ങൾ ഒരു പാഠമായി മാത്രമാണ് എടുക്കുന്നതെന്നും അദ്വൈത് നായർ റിപ്പോർട്ടറിനോട് പറഞ്ഞു.
'പോസിറ്റീവും നെഗറ്റീവുമായ ഒരുപാട് കമന്റുകൾ വരുന്നുണ്ട്. നല്ല രീതിയിൽ സിനിമയെ വിമർശിക്കുന്നവരുണ്ട്. സിനിമ സ്വീകരിയ്ക്കപ്പെട്ടു അതിനൊപ്പം ചില വിമർശനങ്ങൾ എന്നേയുള്ളൂ. ഞാൻ അടുത്ത സിനിമ ചെയ്യുമ്പോൾ അതിൽ തിരുത്താനുള്ള പാഠം ആയിട്ടാണ് ഈ വിമർശനങ്ങളെ കാണുന്നത്. വാൾട്ടർ എന്ന കഥാപാത്രം മമ്മൂക്ക തന്നെ ചെയ്യണം എന്നുണ്ടായിരുന്നു. മമ്മൂക്കയുടെ ആരോഗ്യം ബന്ധപ്പെട്ട റെസ്റ്റിലായിരുന്നു അദ്ദേഹം. ആ സമയത്ത് ചെറിയ സംശയം ഉണ്ടായിരുന്നു. എങ്കിലും വാൾട്ടർ അദ്ദേഹം ചെയ്യണം എന്നുണ്ടായിരുന്നു. മമ്മൂക്ക പോലൊരു ലെജന്റിനെ എനിക്ക് സംവിധാനം ചെയ്യാൻ കഴിഞ്ഞതിൽ വലിയ ഭാഗ്യം. അതിന് മുകളിൽ ഒരു വിമർശനവും വരില്ല,' അദ്വൈത് നായർ പറഞ്ഞു.
അതേസമയം,അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിച്ചത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്തിരുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്. മികച്ച കോലക്ഷനും ചിത്രം തിയേറ്ററിൽ നിന്ന് നേടിയിരുന്നു.
Content Highlights: Director Advait Nair shares his experience of directing Mammootty in Walter. He describes the opportunity as a blessing and a major milestone in his career. Praises Mammootty’s professionalism, discipline, and acting depth on set.