ബാലതാരമായി വന്ന് തെന്നിന്ത്യയിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് ശ്രീലീല. വളരെ ചെറുപ്പത്തിൽ തന്നെ സൂപ്പർ സ്റ്റാറുകളുടെ നായികയാകാനുള്ള ഭാഗ്യം നടിയ്ക്ക് ലഭിച്ചു. സിനിമാ തിരക്കുകളാക്കിടയിലും തന്റെ പഠനം കൈവിട്ടാതെ നടി ഇപ്പോൾ എംബിബിഎസ് പൂർത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ മെഡിക്കൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ നടി ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഗൈനക്കോളജിസ്റ്റായ അമ്മയുടെ പാത പിന്തുടർന്ന് ഡോക്ടറാകണമെന്നായിരുന്നു ശ്രീലീലയുടെ ആഗ്രഹം. സിനിമാ തിരക്കുകൾക്കിടയിലും നടി തന്റെ പഠനം പൂർത്തിയാക്കിയതിൽ അഭിനന്ദനങ്ങൾ എത്തുകയാണ്. നിരവധി പേരാണ് നടിയുടെ നേട്ടത്തിൽ ആശംസകൾ അറിയിക്കുന്നത്.മാതൃഭാഷ തെലുങ്ക് ആണെങ്കിലും ശ്രീലീല ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. 2017ൽ ‘ചിത്രാഗദ’ എന്ന തെലുഗു സിനിമയിൽ ബാലതാരമായാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.
ആദ്യം കന്നഡ സിനിമയായ 'കിസ്സി'ൽ നായികയായി. 'ഗുണ്ടൂർ കാര'ത്തിൽ മഹേഷ് ബാബുവിന്റെ നായികയായതാണ് ശ്രീലീലയ്ക്ക് ബ്രേക്കാവുന്നത്. സിനിമ പരാജയപ്പെട്ടെങ്കിലും, സിനിമയിലെ നടിയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതുവഴി ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രമായ 'പുഷ്പ 2'ലെ 'കിസിക്' എന്ന പാട്ടിൽ ശ്രീലീലയ്ക്ക് അവസരം ലഭിച്ചു. നാലുവർഷം കൊണ്ടുതന്നെ തെലുഗു-കന്നഡ സിനിമയിൽ ഒരിടം കണ്ടെത്താൻ ശ്രീലീലയ്ക്ക് കഴിഞ്ഞു.
സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തി എന്ന ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി എത്തിയത് ശ്രീലീല ആയിരുന്നു. തമിഴിലെ ശ്രീലീലയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. അതുമാത്രമല്ല, 24-ാം വയസ്സിൽ തന്നെ മൂന്നുകുട്ടികളുടെ അമ്മയാണ് ശ്രീലീല. 21-ാം വയസ്സിലാണ് ഭിന്നശേഷിക്കാരായ രണ്ടുകുട്ടികളെ നടി ദത്തെടുത്തത്. 2022 ഫെബ്രുവരിയിൽ ഗുരു, ശോഭിത എന്നീ രണ്ട് ഭിന്നശേഷിക്കാരായ കുട്ടികളെ ശ്രീലീല ദത്തെടുത്തു. 2025 ഏപ്രിലിൽ ഒരു പെൺകുഞ്ഞിനെ കൂടി താരം ദത്തെടുത്തിരുന്നു.
Content Highlights: Actress Sreeleela completes her MBBS degree. Managed medical studies alongside a busy film schedule. Fans and industry praise her dedication and discipline.