തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഈ വാരം ഒടിടിയിൽ എത്തുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. വമ്പൻ സൂപ്പർതാര സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഈ വാരം ഒടിടിയിലേക്ക് എത്തുന്നത്.
ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ സിനിമയാണ് 'മന ശങ്കര വര പ്രസാദ് ഗാരു'. ഒരിടവേളക്ക് ശേഷം പുറത്തിറങ്ങുന്ന ചിരഞ്ജീവിയുടെ കോമഡി ഴോണർ ചിത്രം കൂടിയാണിത്. വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന സിനിമ വമ്പൻ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ഫെബ്രുവരി 11 മുതൽ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. സീ 5 വിലൂടെ ആണ് സിനിമ സ്ട്രീമിങ്ങിനൊരുങ്ങുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും 400 കോടിക്ക് മുകളിലായിരുന്നു സിനിമയുടെ നേട്ടം. സീ നെറ്റ്വര്‍ക്ക് ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ ഒരുമിച്ച് വാങ്ങിയിരിക്കുന്നത്. വന്‍ പ്രതിഫലമാണ് ചിത്രത്തില്‍ ചിരഞ്ജീവി വാങ്ങുന്നത്. 70 കോടിയാണ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രതിഫലം. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ കാതറിന് ട്രെസയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നവീൻ പോളിഷെട്ടി, മീനാക്ഷി ചൗധരി എന്നിവർ കേന്ദ്രകഥാപാത്രമാക്കി എത്തിയ സിനിമയാണ് അനഗനഗ ഓക രാജു. സംക്രാന്തി റിലീസായി തിയേറ്ററിൽ എത്തിയ സിനിമ വലിയ വിജയമാണ് നേടിയത്. സിനിമയിലെ കോമഡി സീനുകൾ എല്ലാം വലിയ തരത്തിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഫെബ്രുവരി 11 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നിവിൻ പോളി നായകനായി എത്തിയ സിനിമ ആണ് ബേബി ഗേൾ. സമ്മിശ്ര പ്രതികരണം നേടിയ സിനിമക്ക് തിയേറ്ററിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ചിത്രം ഫെബ്രുവരി 12 മുതൽ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ബേബി ഗേൾ മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്.
ജീവ നായകനായി എത്തിയ സിനിമയാണ് തലൈവർ തമ്പി തലൈമയിൽ. നിതീഷ് സഹദേവ് സംവിധാനം ചെയ്ത സിനിമ വലിയ വിജയമാണ് നേടിയത്. ഫെബ്രുവരി 12 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമ സ്ട്രീമിങ് ആരംഭിക്കും. പ്രേമലു, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിഷ്ണു വിജയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് സിനിമ നിർമിച്ചത്. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.
തിയേറ്ററിൽ വമ്പൻ വിജയമായ ഹോളിവുഡ് ചിത്രം പ്രിഡേറ്റർ ബാഡ്ലാൻഡ്സും ഈ വാരം ഒടിടിയിൽ എത്തുന്നുണ്ട്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. എല്ലെ ഫാനിംഗും ഡിമിട്രിയസ് ഷുസ്റ്റർ-കൊളോഅമാറ്റാംഗിയും ആണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ജോൺ ഡേവിസ്, ബ്രെൻ്റ് ഒ'കോണർ, മാർക്ക് ടോബെറോഫ്, ഡാൻ ട്രാച്ചെൻബെർഗ്, ബെൻ റോസൻബ്ലാറ്റ് എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്.
Content Highlights: Chiranjeevi, Nivin pauly, jiiva, Naveen Polishetty movies to release on OTT this week, list out now