

രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന നടനാണ് അജു വർഗീസ്. സിനിമയിലെ തമാശ നിറഞ്ഞ വേഷങ്ങളെ പോലെ തന്നെ ചിരിപ്പിക്കുന്ന ചെറു വീഡിയോകളും ക്യാപ്ഷൻസുമെല്ലാം അജു വർഗീസ് പങ്കുവെക്കാറുണ്ട്. അത്തരത്തിലൊരു പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
'what if …. എനിക്കൊരു നാഷണൽ അവാർഡ് കിട്ടുകയും അത് സ്വീകരിക്കാനായി ഞാൻ മകൾക്കൊപ്പം പോവുകയും ചെയ്താലോ' എന്നാണ് വീഡിയോയുടെ ടൈറ്റിൽ. നാഷണൽ അവാർഡ് വാങ്ങാൻ പോവുകയാണ്, ഇത് എന്റെ മകൾ ജുവാന അജു എന്നാണ് അജു ആദ്യം പറയുന്നത്.

അമ്മയായ അഗസ്റ്റീന എവിടെ എന്ന് ജുവാന ചോദിക്കുമ്പോൾ, അവൾ 3 മണ്ടന്മാരായ ആൺമക്കൾക്കൊപ്പം വീട്ടിലാണ് എന്നാണ് അജു വർഗീസിന്റെ മറുപടി. നാഷണൽ അവാർഡൊക്കെ കിട്ടുമോ എന്നാണ് പിന്നീട് ജുവാന ട്രോളിക്കൊണ്ട് ചോദിക്കുന്നത്. ഇത് കേട്ടയുടനെ 'ഡൗട്ട്ഫുൾ ലേഡി' എന്ന് ആശ്ചര്യപൂർവ്വം അജു വിളിക്കുന്നതാണ് അടുത്തത്. എത്രയോ പ്രശസ്തരായ നടന്മാരുണ്ട്, വേറെ ആരും ഇല്ലേ അവാർഡിന് എന്നിങ്ങനെയാണ് പിന്നീട് മകളുടെ കമന്റുകൾ.
എന്തായാലും വീഡിയോ ഇതിനോടകം ഏവരുടെയും ശ്രദ്ധ നേടി. ബേസിൽ ജോസഫും ജിയോ ബേബിയും തുടങ്ങി നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. അജുവിന് മാത്രമല്ല, മകളുടെ കൗണ്ടറുകൾക്കും നല്ല കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പുതിയ സിനിമയുടെ പ്രൊമോഷന് ആണോ എന്നും ചിലര് ചോദിക്കുന്നുണ്ട്.
അതേസമയം, അജു പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തിയ സർവ്വം മായ തിയേറ്ററുകളിൽ വലിയ വിജയമാണ് നേടുന്നത്. ആഘോഷം, പെണ്ണ് കേസ് എന്നീ ചിത്രങ്ങളിലും അജു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും അജു ഭാഗമാകുന്ന ചിത്രങ്ങൾ റിലീസിന് എത്തുന്നുണ്ട്.
Content Highlights: Aju Varghese shares a funny video with daughter creating imaginary scenes of what if he gets a national award