'രജനികാന്ത് വ്യാജ മനുഷ്യസ്‌നേഹി, തൊഴിലാളികൾ അവകാശങ്ങൾക്കായി പോരാടുമ്പോൾ നിങ്ങൾ എവിടെയായിരുന്നു?; ലെനിൻ ഭാരതി

രജനികാന്ത് വ്യാജ മനുഷ്യസ്നേഹിയാണെന്ന് സംവിധായകൻ ലെനിൻ ഭാരതി

അടുത്തിടെ വനിതാശുചീകരണ തൊഴിലാളിക്കും അഞ്ചു രൂപയ്ക്ക് പൊറോട്ട വിൽക്കുന്ന തന്റെ ആരാധകനും സ്വർണമാല സമ്മാനിച്ച രജനികാന്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടനെ പുകഴ്ത്തി നിരവധി പേര് രംഗത്തെത്തിയിരുന്നു. എന്നാൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ ആസ്ഥാനമായ റിപ്പൺ ബിൽഡിങ്ങിന്റെ പ്രവേശനകവാടത്തിൽ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുമ്പോൾ രജനികാന്ത് എവിടെയായിരുന്നുവെന്ന് ചോദിക്കുകയാണ് സംവിധയകാൻ ലെനിൻ ഭാരതി. രജനികാന്ത് ഒരു വ്യാജ മനുഷ്യസ്‌നേഹി ആണെന്നും സംവിധായകൻ കുറ്റപ്പെടുത്തി.

'റിപ്പൺ ബിൽ‍ഡിങ്ങിന്റെ പ്രവേശന കവാടത്തിൽ ശുചീകരണ തൊഴിലാളികൾ അവരുടെ അവകാശങ്ങൾക്കായി പോരാടുമ്പോൾ നിങ്ങൾ എവിടെയായിരുന്നു, അവരുടെ യൂണിഫോം നോക്കി മാത്രം തിരിച്ചറിഞ്ഞാണോ നിങ്ങളുടെ മഹാമനസ്കത പ്രകടിപ്പിക്കുന്നത്? വ്യാജമനുഷ്യസ്നേഹി,' ലെനിൻ ഭാരതി കുറിച്ചു. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് സംവിധായകന്റെ പ്രതികരണം. ലെനിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇത്തരം ആദരിക്കൽ ചടങ്ങുകൾ രജനികാന്ത് ഫോട്ടോഷൂട്ടുകൾക്ക് വേണ്ടിയാണ് നടത്താറുള്ളതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

துப்பரவு தொழிலாளர்கள் தங்கள் உரிமைகளுக்காக ரிப்பன் பில்டிங் வாசலில் போராடிக்கொண்டிருந்த போதெல்லாம் எங்கு இருந்தீர்கள் @rajinikanth அவர்களே.. உங்கள் பெருதன்மை வெங்காயத்தைக் காட்ட அவர்களை சீருடையோடுதான் அடையாளப்படுத்துவீர்களா போலி கொடை வள்ளல்களே.. pic.twitter.com/hi79coMVIh

അതേസമയം, ഈ വിമർശനങ്ങൾക്ക് രജനികാന്ത് മറുപടി നൽകിയിട്ടില്ല. നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ 2 വിന്റെ ചിത്രീകരണ തിരക്കിലാണ് രജനികാന്ത്. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. സിനിമയിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

Content Highlights: Director Lenin Bharati sparked controversy by calling Rajinikanth a "fake philanthropist" in a recent statement, questioning the genuineness of the superstar's charitable acts.

To advertise here,contact us