ബോഡി ഷെയ്മിങ് കമന്റുകൾ തന്നെ സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ഇഷാനി കൃഷ്ണ. ബോഡി ഷെയ്മിങ് നല്ലതാണ് എന്ന് താൻ പറയില്ലെന്നും എന്നാൽ തനിക്ക് ആ കമന്റുകൾ സഹായകമായിട്ടുണ്ടെന്നും നടി പറഞ്ഞു. ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം എന്ന സിനിമയിൽ നായികയായി എത്തുന്നത് ഇഷാനിയാണ്. സിനിമയുടെ വിശേഷങ്ങൾ വനിതയോട് പങ്കുവെക്കവേയാണ് ഇഷാനി ഇക്കാര്യം പറയുന്നത്.
'നെഗറ്റീവ് കമന്റുകൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബോഡി ഷെയ്മിങ് കമന്റുകൾ വന്നിട്ടുണ്ട്. എന്നെ ബോഡി ഷെയിം ചെയ്തവരോട് ഒരുപാട് നന്ദിയുണ്ട്. പണ്ടൊക്കെ എനിക്ക് ഒരുപാട് വിഷമം വന്നിട്ടുണ്ട്, പഴയ ഫോട്ടോ നോക്കി ഞാൻ അത്ര മെലിഞ്ഞിട്ടല്ലല്ലോ എന്നൊക്കെ പറയാറുണ്ട്. പക്ഷെ എന്നെ ആ കമന്റുകളാണ് എങ്കറേജ് ചെയ്തത്. ബോഡി ഷെയ്മിങ് നല്ലതാണ് എന്ന് ഞാൻ പറയില്ല, പക്ഷെ അത് എന്നെ മാറാൻ വേണ്ടി സഹായിച്ചിട്ടുണ്ട്. എനിക്ക് എന്റെ ചില ചിത്രങ്ങൾ കാണുമ്പോൾ കുറച്ചൂടെ വണ്ണം വെച്ചാൽ കൊള്ളാം എന്ന് തോന്നാറുണ്ട്,' ഇഷാനി കൃഷ്ണകുമാർ പറഞ്ഞു.
മമ്മൂട്ടി നായകനായ വൺ എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേള എടുത്താണ് ഇഷാനി വീണ്ടും അഭിനയത്തിലേക്ക് എത്തുന്നത്. നല്ല ഓഫറുകൾ ലഭിക്കാതിരുന്നതിനാലാണ് ഇത്രയും നാൾ സിനിമ ചെയ്യാതിരുന്നതെന്ന് ഇഷാനി പറഞ്ഞു. അതേസമയം, 2018 എന്ന ഇൻഡിസ്ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്. തുടരും എന്ന സിനിമയ്ക്കായി കാമറ ചലിപ്പിച്ച ഷാജി കുമാർ ആണ് ഈ സിനിമയുടെയും ഛായാഗ്രഹണം. ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. ആശ ശരത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Ishani Krishna opened up about facing body-shaming comments. She said the criticism initially hurt her. Over time, the comments motivated her to focus on fitness and self-confidence.