മകളുടെ കാമുകനുമായി അമ്മയ്ക്ക് പ്രണയം; ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ചെയ്‌ത സിനിമയാണ് അതെന്ന് ആശ ശരത്

ഞാൻ ആ സിനിമയിൽ അഭിനയിക്കുമ്പോൾ ആ സ്ത്രീ ജയിലിൽ ആയിരുന്നു. അങ്ങനെ ഒരാളുടെ ജീവിതമാണ് ആ സിനിമ.

ആശ ശരത്തും മകൾ ഉത്തര ശരത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'ഖെദ്ദ'. സിനിമയുടെ ചില രംഗങ്ങൾ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്കൂളിൽ പഠിക്കുന്ന മകൾക്ക് കാമുകനുണ്ടെന്ന് കണ്ടെത്തുന്ന അമ്മ ആ ബന്ധം തടയാൻ ശ്രമിക്കുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ സിനിമയിൽ പറയുന്നത്. മകളുടെ കാമുകനുമായി 'അമ്മ പിന്നീട് പ്രണയത്തിലാകുന്നതും സിനിമയിൽ കാണിക്കുന്നുണ്ട്. സിനിമയിലെ ആശ ശരത്തിന്റെ കഥാപാത്രത്തിന് വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്തിനാണ് ആശ ഇത്തരത്തിൽ ഒരു വേഷം ചെയ്തതെന്നാണ് കമന്റുകൾ നിറയുന്നത്. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തുകയാണ് ആശ ശരത്.

'ഞാൻ ചെയ്ത കഥാപാത്രം ജീവിച്ചിരുന്ന കഥാപാത്രമാണ്, ഈ സിനിമ റീലീസ് ആവുന്ന കാലത്തും അവർ ജീവിച്ചിരുന്നു, ഇപ്പോൾ അവർ ജീവിച്ചിരിപ്പില്ല. ഞാൻ ആ സിനിമയിൽ അഭിനയിക്കുമ്പോൾ ആ സ്ത്രീ ജയിലിൽ ആയിരുന്നു. അങ്ങനെ ഒരാളുടെ ജീവിതമാണ് ആ സിനിമ. ഇപ്പോൾ പലരും മരണപ്പെട്ടു, കൊന്നു എന്നൊക്കെ , 'അമ്മ മകളെ കൊന്നു, അച്ഛൻ കൊന്നു എന്നൊക്കെ കേൾക്കുമ്പോൾ ഇതിന്റെ എല്ലാം ബാക് സ്റ്റോറി പലപ്പോഴും നമ്മൾ അറിയാറില്ല.

അങ്ങനെ ഒരു 'അമ്മ മകളെ കൊലപ്പെടുത്തിയ കഥയുടെ ബാക്ക് സ്റ്റോറി, സോഷ്യൽ മീഡിയയുടെ അതിപ്രസരം കൊണ്ട് സംഭവിക്കുന്ന, ഈ ഫോണിലൂടെ വിദ്യ സമ്പന്നർ അല്ലാത്ത വലിയ വിവരം ഇല്ലാത്തവർക്ക് സംഭവിക്കുന്ന , മനസിന് ശക്തി ഇല്ലാത്തവർക്ക് പ്രണയത്തിന് അടിമപ്പെട്ടു പോകുന്ന ഒരു സ്ത്രീയുടെ കഥയാണ് ആ സിനിമ. കഥ അല്ല ജീവിതമാണ്, അത് ഒരു നടന്ന സംഭവമാണ്. അത് കഥാപാത്രമാണ്, ഒരു രൂപ പ്രതിഫലം വാങ്ങാതെയാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്, അത് അത്രയും സാമൂഹിക പ്രസക്തിയുള്ള വിഷയമായത് കൊണ്ടാണ് ആ സിനിമ ചെയ്തത്.' ആശ ശരത് പറഞ്ഞു. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. സോഷ്യൽ മീഡിയയുടെ അതിപ്രസരം മൂലം തകർന്ന കുടുംബജീവിതങ്ങൾ പ്രമേയമാക്കി മനോജ് കാന ഒരുക്കിയ ‘ഖെദ്ദ’ എന്ന സിനിമയിൽ നിന്നുള്ള രംഗങ്ങളാണിത്. ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

അതേസമയം, അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിലാണ് ആശ ശരത്ത് എത്തുന്നത്. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു അച്ഛനും മകനും തമ്മിലുള്ള പ്രശ്‍നങ്ങളാണ് സിനിമയുടെ പ്രധാന ഇതിവൃത്തമെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. ഫെബ്രുവരി ആറിന് സിനിമ പുറത്തിറങ്ങും.

Content Highlights: Asha Sarath shared her experience acting in the film Khedda without being paid. She said she accepted the role out of passion and belief in the story. The film gave her an opportunity to explore challenging and meaningful content.

To advertise here,contact us