'ഞാൻ കേട്ട കഥയിൽ അന്ന് മോഹൻലാൽ അല്ല നായകൻ, സിനിമയുടെ പേരും തുടരും എന്നല്ലായിരുന്നു'; ആശ ശരത്

ആ സ്ക്രിപ്റ്റും ഇപ്പോൾ ഉള്ള സ്ക്രിപ്റ്റും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. ബേസിക് കഥ ഒന്നാണ്, പക്ഷെ സ്ക്രിപ്റ്റിൽ വ്യത്യാസം ഉണ്ട്. ഇത് വർഷങ്ങൾക്ക് മുന്നേയുള്ള കാര്യമാണ്

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. മോഹൻലാൽ- ശോഭന കൂട്ടുകെട്ടായിരുന്നു സിനിമയിലെ ഏറ്റവും വലിയ പ്രത്യേകത. ശോഭന സിനിമയിലേക്ക് എത്തുന്നതിന് മുന്നേ ആ വേഷത്തിലേക്കായി നിരവധി നായികമാരുടെ പേരുകൾ വന്നിരുന്നു. ആശ ശരത്തും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിന്റെ നിജസ്ഥിതി തുറന്നു പറയുകയാണ് ആശ ശരത്ത്. ഒറിജിനല്‍സ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'തുടരും എന്ന സിനിമയ്ക്ക് മുന്നേ ഇത് ബെൻസ് വാസു എന്ന സിനിമ ആയിരുന്നു. പിന്നീട് സ്ക്രിപ്റ്റ് മാറി മാറി വന്നതാണ്. അന്ന് അതിന്റെ സംവിധായകൻ വേറെ ഒരാളാണ്.അന്ന് ആ സിനിമയിലെ ഹീറോ വേറെ ഒരാളായിരുന്നു. ആ കാലത്ത് ഞാൻ ആയിരുന്നു. അതിന് ശേഷം അതൊക്കെ കഴിഞ്ഞു ലാലേട്ടനിൽ വന്നു. ഈ ഡയറക്ടർ, പ്രൊഡ്യൂസർ ഒന്നും ആയിരുന്നില്ല അപ്പോഴും. ഞാൻ ആണ് ആ കഥ അപ്പോൾ കേട്ടിരുന്നതും സംസാരിച്ചിരുന്നതും.

ആദ്യം ഈ സ്ക്രിപ്റ്റ് വായിക്കുമ്പോൾ എന്നോട് സംസാരിച്ചിരുന്നത് സിദ്ധിഖ് ലാലിലെ, ലാലു ചേട്ടൻ ആണ്. ലാലു ചേട്ടൻ ആയിരുന്നു നായകൻ. ആ സ്ക്രിപ്റ്റും ഇപ്പോൾ ഉള്ള സ്ക്രിപ്റ്റും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. ബേസിക് കഥ ഒന്നാണ്, പക്ഷെ സ്ക്രിപ്റ്റിൽ വ്യത്യാസം ഉണ്ട്. ഇത് വർഷങ്ങൾക്ക് മുന്നേയുള്ള കാര്യമാണ്, ദൃശ്യം കഴിഞ്ഞ സമയത്ത് ആയിരുന്നു ഇത്. അത് കഴിഞ്ഞ് കാര്യങ്ങൾ എല്ലാം മാറി, കഥാപാത്രങ്ങൾ മാറി. ഇപ്പോഴുള്ള പ്രൊഡക്ഷനും, സംവിധായകനും വന്നപ്പോൾ എന്നെ സമീപിച്ചിട്ടില്ല, അതിന് മുന്നേയുള്ള സമയത്താണ് ഇതൊക്കെ,' ആശാ ശരത് പറഞ്ഞു.

അതേസമയം, അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിലാണ് ആശ ശരത്ത് എത്തുന്നത്. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു അച്ഛനും മകനും തമ്മിലുള്ള പ്രശ്‍നങ്ങളാണ് സിനിമയുടെ പ്രധാന ഇതിവൃത്തമെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. ഫെബ്രുവരി ആറിന് സിനിമ പുറത്തിറങ്ങും.

Content Highlights:  Asha Sarath opened up about the early stages of the film Thudarum. She said that when she first heard the story, Mohanlal was not the hero.The film was initially planned with a different casting.

To advertise here,contact us