സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കൾ, രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം എനിക്കുണ്ടായി; മോഹൻലാൽ

'രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ച്ചകള്‍, കിലുക്കം, ദേവാസുരം തുടങ്ങി എന്റെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി‌'

അന്തരിച്ച സംഗീതസംവിധായകൻ എസ്പി വെങ്കിടേഷിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. അദ്ദേഹം സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം തനിക്കുണ്ടായി എന്നും സിനിമയ്ക്ക് പുറത്തും നല്ല സൗഹൃദം തങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു എന്നും മോഹൻലാൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു മോഹൻലാലിന്റെ അനുസ്മരണം.

'മലയാള സിനിമയില്‍ ഒരു കാലഘട്ടം മുഴുവന്‍ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട SP വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. SP യുടെ മാന്ത്രികസ്പര്‍ശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്‌ നമ്മള്‍ നെഞ്ചോടുചേര്‍ത്തത്. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ച്ചകള്‍, കിലുക്കം, ദേവാസുരം തുടങ്ങി എന്റെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി‌. അദ്ദേഹം സംഗീതം നല്‍കിയ രണ്ട് ഗാനങ്ങള്‍ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയവേദനയോടെ വിട', മോഹൻലാലിന്റെ വാക്കുകൾ.

ചെന്നൈയിലെ വീട്ടിൽ ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1955 മാർച്ച് അഞ്ചിന് തമിഴ്നാട്ടിലായിരുന്നു ജനനം. 150ൽ അധികം മലയാള ചലച്ചിത്രങ്ങൾക്കാണ് അദ്ദേഹം ഈണം നൽകിയത്. ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്ഫടികം, ദ്രുവം, കൗരവർ, ജോണി വാക്കർ, ഹിറ്റ്‌ലർ, രാജാവിന്റെ മകൻ എന്നീ സിനിമകളിലെ പാട്ടുകൾ ഏറെ പ്രശസ്തമാണ്. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു എസ് പി വെങ്കിടേഷ്. 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ അദ്ദേഹം തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അദ്ദേഹം അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. 1981ല്‍ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. രണ്ട് വർഷത്തിന് ശേഷം മലയാളത്തിലേക്കെത്തി. ഇക്കാലയളവിനിടെ ദേവരാജന്‍ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമികളടക്കമുള്ളവരോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു.

Content Highlights: Mohanlal pays tribute to music director sp venkitesh

To advertise here,contact us