സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് രൺവീർ സിങ് ചിത്രം ധുരന്ദറും, യഷ്-ഗീതു മോഹൻദാസ് ചിത്രം ടോക്സിക്. രണ്ട് സിനിമകളും മാർച്ച് 19 നാണ് പുറത്തിറങ്ങുന്നത്. ഇരു സിനിമകൾക്ക് മേലും വലിയ പ്രതീക്ഷകളാണ് ഉള്ളത്. വമ്പൻ ഹൈപ്പിൽ പുറത്തിറങ്ങാനിരിക്കുന്നതിനാൽ ഇതേ ഡേറ്റിൽ പുറത്തിറങ്ങുന്ന മറ്റു സിനിമകൾ എല്ലാം ഇപ്പോൾ റിലീസ് തീയതി മാറ്റിവെക്കുന്ന കാഴ്ചയാണുണ്ടാകുന്നത്.
എവരു, ഗൂഢാചാരി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അദിവി ശേഷ്. ഡെക്കോയിറ്റ്: എ ലവ് സ്റ്റോറി എന്ന സിനിമയാണ് അദിവി ശേഷിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മാർച്ച് 19 നായിരുന്നു ഈ ചിത്രം പുറത്തിറങ്ങാനിരുന്നത്. മൃണാൾ താക്കൂർ നായികയായി എത്തുന്ന സിനിമ തെലുങ്കിലും ഹിന്ദിയിലുമാണ് പുറത്തിറങ്ങാനിരുന്നത്. ഇപ്പോഴിതാ ചിത്രം പറഞ്ഞ ഡേറ്റിൽ എത്തില്ല എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. ധുരന്ദർ, ടോക്സിക് ക്ലാഷ് കാരണമാണ് ചിത്രം മാറ്റിവെക്കുന്നത് എന്നാണ് ഇൻഡസ്ട്രി റിപ്പോർട്ട്.
അതേസമയം, രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ സിനിമ ധുരന്ദറിൻ്റെ രണ്ടാം ഭാഗത്തിന്റെ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. ധുരന്ദർ- ദി റിവജ് എന്നാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പേര്. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്.ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു.
'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ലഭിച്ചതായി റിപ്പോട്ടുകൾ ഉണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയത്.
ഗീതു മോഹൻദാസ് ഒരുക്കുന്ന ടോക്സിക് ഒരു ബിഗ് ബജറ്റ് ആക്ഷൻ സിനിമയായിട്ടാണ് ഒരുങ്ങുന്നത്. നടൻ യഷിന്റെ പിറന്നാൾ പ്രമാണിച്ച് സിനിമയുടെ ടീസർ പുറത്തുവന്നിരുന്നു. യഷ് അവതരിപ്പിക്കുന്ന റയ എന്ന കഥാപാത്രത്തിന്റെ ഇൻട്രോ ആണ് ടീസറിലെ ഉള്ളടക്കം. പക്കാ ഹോളിവുഡ് സിനിമയെന്ന് തോന്നിപ്പിക്കുന്ന തരം വിഷ്വലുകൾ ആണ് സിനിമയിൽ ഉള്ളതെന്ന സൂചനയാണ് ടീസർ നൽകുന്നത്. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലാണ് യഷിന്റെ ഇൻട്രോ ഒരുക്കിയിരിക്കുന്നത്. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.
Content Highlights: Adivi sesh film dacoit postponds release from march 19 because of dhurandhar and toxic clash